ദേവസ്വം ബോർഡ് സംവിധാനത്തിനെതിരെയും മന്ത്രിമാർക്കെതിരെയും രൂക്ഷവിമർശനങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മാത്രമല്ല, സമ്പന്നമായ എല്ലാ ദേവസ്വം ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. നിലവിലെ സംവിധാനം ഉടൻ അഴിച്ചുപണിയണം എന്ന ആവശ്യം ആവർത്തിച്ച വെള്ളാപ്പള്ളി, ദേവസ്വം ബോർഡ് ഐഎഎസുകാരനെ ഏൽപ്പിക്കുകയാണ് ഉചിതമെന്നും വ്യക്തമാക്കി. മുൻ പ്രസിഡന്റ് പത്മകുമാർ കുഴപ്പക്കാരനാണെന്ന് താൻ നേരത്തേ പറഞ്ഞിട്ടുണ്ട്. “ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ” എന്നും ദേവസ്വം ബോർഡ് “ഇടമില്ലാത്തവരുടെ ഇടമായി അധഃപതിച്ചു” എന്നും അദ്ദേഹം വിമർശിച്ചു.
ശബരിമലയുടെ പേരിൽ ജാഥ നടത്തുന്നവർക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളതെന്നും ശബരിമലയെ രക്ഷിക്കുകയല്ല അവരുടെ ഉദ്ദേശമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ നിലപാട് ശരിയല്ല. എൻഎസ്എസിന് ലഭിച്ച വിധി എല്ലാവർക്കും ബാധകമാക്കാൻ സർക്കാർ തയ്യാറാകണമായിരുന്നു എന്നും അദ്ദേഹം ആവശ്യപ്പെട്ടു
മന്ത്രി ഗണേഷ് കുമാറിനെതിരെ നടത്തിയ പരാമർശങ്ങൾ അതിരൂക്ഷമായിരുന്നു. അച്ഛനും അമ്മയ്ക്കും ‘പാര പണിതയാൾ’ ആയാണ് ഗണേഷിനെ അദ്ദേഹം വിശേഷിപ്പിച്ചത്. സരിതയെ ഉപയോഗിച്ചാണ് മന്ത്രിസ്ഥാനം നേടിയതെന്നും പെങ്ങൾക്കിട്ടും പാരവെച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും എങ്ങനെ കിട്ടിയെന്ന് എല്ലാവർക്കും അറിയാമെന്നും, ഇത് “ഡ്യൂപ്ലിക്കേറ്റ് ഗണേശൻ” ആണെന്നും അദ്ദേഹം പറഞ്ഞു. ഒരു കുപ്പിയിരിക്കുന്നുവെന്ന് പറഞ്ഞ് കെഎസ്ആർടിസി ഡ്രൈവർമാരോട് മോശമായി പെരുമാറി സസ്പെൻഡ് ചെയ്യുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. “ഇത്രയും മോശമായി പെരുമാറുന്ന ആരുണ്ട്? ഇതെന്താ രാജവാഴ്ചയാണോ? സാർ ചക്രവർത്തി പോലും ഇങ്ങനെ ആരോടും പെരുമാറില്ല” എന്നും അദ്ദേഹം പറഞ്ഞു.
















