സംസ്ഥാന സർക്കാരിന്റെ പൊതുജന സമ്പർക്കപരിപാടിയായ നവകേരള യാത്രയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കെഎസ്ആർടിസി ഏറ്റെടുത്ത് സർവീസ് ആരംഭിച്ചിരുന്നു. അന്തർ സംസ്ഥാന യാത്രയ്ക്ക് കെഎസ്ആർടിസി ഉപയോഗിക്കുന്ന ഈ ബസ് ഇപ്പോൾ സർവീസ് നിർത്തിയെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗ്ലാസുകൾ ഇളക്കിയ നിലയിലുള്ള ബസിന്റെ ഒരു വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
“സമയമാം രഥത്തിൽ……
നവ കേരള ബസ്
ബഹു. വിജയൻ സ്വാമിയുടെ ദിവ്യ പൃഷ്ഠം പതിഞ്ഞ കറങ്ങുന്ന കസേരകളും, സഞ്ചരിക്കുന്ന കക്കൂസും ഉളള സുവർണ്ണ ഞവ കേരള ബസ്. 1+ കോടി രൂപയുടെ മൊതല്.
ഇതൊന്ന് കാണാൻ വിദേശത്ത് നിന്ന് പോലും വിനോദ സഞ്ചാരികൾ വരും…
രാജ്യ തലവന്മാർ വരുമ്പോൾ അവരെ സ്വീകരിക്കാൻ…
പുതിയ രാജാധികാരിയെ (പേരക്കുട്ടിയെ) എഴുന്നള്ളിക്കുന്നതിന്…
രാജാവ് നാട് നീങ്ങുമ്പോൾ ഉപയോഗിക്കാൻ..
അത് കഴിഞ്ഞ് മ്യൂസിയത്തിൽ വെക്കാൻ മനസ്സിൽ വിചാരിച്ചിരുന്നതാണ്…
ഇപ്പൊൾ നാടോടികൾ ക്ക് കക്കൂസ് ആയി ഉപയോഗിക്കാൻ പരുവത്തിൽ ആയി..
മൂന്നാമതും ഞങ്ങ തന്നെ വരും… വരണം ” എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈൽ ആകുന്നത്.
എന്നാൽ, വൈറൽ പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നവകേരള ബസ് കോഴിക്കോട്-ബംഗളൂരു റൂട്ടിൽ ഇപ്പോഴും സർവീസ് നടത്തുന്നുണ്ട്.ഗരുഡ പ്രീമിയം എന്ന പേരിൽ കോഴിക്കോട്-ബംഗളൂരു റൂട്ടിലാണ് നവകേരള ബസ് സർവീസ് നടത്തുന്നത്. ഈ സർവീസ് നിർത്തിവച്ചോ എന്ന വിവരമാണ് ഞങ്ങൾ ആദ്യം പരിശോധിച്ചത്. എന്നാൽ ഇതു സംബന്ധിച്ച റിപ്പോർട്ടുകളൊന്നും ലഭ്യമായില്ല. ഓൺലൈൻ ബുക്കിംഗിനായുള്ള കെഎസ്ആർടിസിയുടെ വെബ്‌സൈറ്റിൽ പരിശോധിച്ചപ്പോഴും ഗരുഡ പ്രീമിയം സർവീസ് ലഭ്യമാണെന്ന് വ്യക്തമായി.
വിശദമായ പരിശോധനയിൽ ഗരുഡ പ്രീമിയം സർവീസ് സംബന്ധിച്ച് കെഎസ്ആർടിസിയുടെ സോഷ്യൽ മീഡിയ പേജിൽ 2025 ഒക്ടോബർ 8ന് പങ്കുവച്ച പോസ്റ്റ് ലഭ്യമായി. കോഴിക്കോട് നിന്നും എല്ലാ ദിവസസും രാവിലെ 08.25 ന് ബംഗളൂരുവിലേക്കും രാത്രി 10.25ന് തിരിച്ച് കോഴിക്കോടേക്കും സർവീസ് നടത്തുന്നുണ്ടെന്നാണ് പോസ്റ്റിലെ വിവരണം. മുത്തങ്ങ ഫോറസ്റ്റിലൂടെ രാത്രി സർവീസ് നടത്തുന്നതിനുള്ള പ്രത്യേക പെർമിറ്റ് ഗരുഡ പ്രീമിയത്തിനുണ്ടെന്നും ആധുനിക സൗകര്യങ്ങളോടുകൂടിയ, സ്ഥിരമായി ഒരേ ജീവനക്കാരെ നിയോഗിച്ചിട്ടുളള ജനപ്രിയ സർവ്വീസ് കഴിഞ്ഞ ഒന്നര വർഷക്കാലമായി മുടങ്ങാതെ യാത്ര തുടരുന്നതായും കെഎസ്ആർടിസിയുടെ പോസ്റ്റിൽ പറയുന്നു
ലഭ്യമായ വിവരങ്ങളിൽ നിന്ന് നവകേരള ബസ് സർവീസ് നിർത്തി എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ പഴയതാണെന്നും കോഴിക്കോട്-ബംഗളൂരു റൂട്ടിൽ ബസ് ഇപ്പോഴും സർവീസ് നടത്തുന്നുണ്ടെന്നും വ്യക്തമായി.
















