ആർ.എസ്.എസ്. ക്യാമ്പിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്ന ഗുരുതര ആരോപണം ഉന്നയിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. കോട്ടയം സ്വദേശിയായ അനന്തു അജി (26) ആണ് ആത്മഹത്യ ചെയ്തത്. മരണത്തിന് തൊട്ടുമുമ്പ് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്ത് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ, തന്നെ പീഡിപ്പിച്ചത് ആർ.എസ്.എസ്. നേതാവായ നിതീഷ് മുരളീധരൻ എന്ന “കണ്ണൻ ചേട്ടൻ” ആണെന്ന് അനന്തു അജി വ്യക്തമാക്കിയത് കേസിൽ നിർണ്ണായക വഴിത്തിരിവായി.
ബാല്യകാലത്ത് താൻ അനുഭവിച്ച മാനസികാഘാതത്തിൽ നിന്ന് ഉണ്ടായ ഒബ്‌സെസീവ്-കംപൽസീവ് ഡിസോർഡർ ഉൾപ്പെടെ പല രോഗങ്ങൾ മൂലമാണ്ജീ വനൊടുക്കുന്നതെന്നും അനന്തു ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.
ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആളെ അറസ്റ്റ് ചെയ്തിട്ടില്ല എന്ന് ആരോപിച്ചുകൊണ്ടാണ് യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി, ആരോപണവിധേയനായ നിതീഷ് മുരളീധരന്റെ കോട്ടയത്തെ കപ്പാടുള്ള സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനം ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. കൂടാതെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.വൈ.എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തുകയും കെ.കെ. റോഡ് ഉപരോധിക്കാൻ ശ്രമിക്കുകയും ചെയ്തു. റോഡ് ഉപരോധിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
അനന്തുവിന്റെ ആത്മഹത്യാക്കുറിപ്പിലും, അതിനുപിന്നാലെ പുറത്തുവന്ന വീഡിയോയിലും പേര് വെളിപ്പെടുത്തിയ വ്യക്തിക്കെതിരെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ചെറുപ്പത്തിൽത്തന്നെ താൻ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയായി എന്നും അതുകൊണ്ടാണ് തനിക്ക് മാനസികപ്രയാസമുണ്ടായതെന്നുമാണ് സെപ്റ്റംബർ 14-ന് ചിത്രീകരിച്ച ഈ വീഡിയോയിൽ അനന്തു വ്യക്തമാക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
















