ബെംഗളൂരു: ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഊബർ ഡ്രൈവറായി മാറിയ ദീപേശ് എന്ന യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ജീവിതത്തിൽ സന്തോഷം കണ്ടെത്താനുമായിരുന്നു ദീപേശ് ജോലി ഉപേക്ഷിച്ചത്. എന്നാൽ, ഈ തീരുമാനം അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്.
ഒരു സംരംഭകനായ വരുൺ അഗർവാൾ ആണ് ദീപേശിന്റെ കഥ ലിങ്ക്ഡ്ഇന്നിലൂടെ പങ്കുവെച്ചത്. വരുണിന്റെ ഊബർ ഡ്രൈവറായി എത്തിയത് ദീപേഷായിരുന്നു. യാത്രയ്ക്കിടയിലാണ് ദീപേശ് തന്റെ ജീവിതകഥ വരുണിനോട് പറഞ്ഞത്.
മാസം 40,000 രൂപ ശമ്പളമുണ്ടായിരുന്ന കോർപ്പറേറ്റ് ജോലിയിൽ ഭാര്യക്കും മക്കൾക്കും വേണ്ടി സമയം കണ്ടെത്താൻ ദീപേശിന് കഴിഞ്ഞിരുന്നില്ല. തുടർന്നാണ് അദ്ദേഹം മുഴുവൻ സമയ ക്യാബ് ഡ്രൈവറാകാൻ തീരുമാനിച്ചത്. ഈ തീരുമാനം ശരിയായിരുന്നുവെന്ന് ദീപേശിന്റെ ഇപ്പോഴത്തെ ജീവിതം തെളിയിക്കുന്നു.
മാസത്തിൽ 21 ദിവസം മാത്രം ജോലി ചെയ്ത് 56,000 രൂപയാണ് ദീപേശ് ഇപ്പോൾ സമ്പാദിക്കുന്നത്. വരുമാനം വർധിച്ചതോടെ കുടുംബജീവിതം മെച്ചപ്പെട്ടു. ഇതിന് പുറമെ, ഒരു പുതിയ കാർ വാങ്ങി അതിലൊരു ഡ്രൈവറെ നിയമിക്കാനും ദീപേശിന് കഴിഞ്ഞു. സ്വന്തമായി ഒരു ചെറിയ ടാക്സി ശൃംഖല തന്നെ അദ്ദേഹം ആരംഭിച്ചു കഴിഞ്ഞു.
വരുൺ അഗർവാളിന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് ദീപേശിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. കുടുംബത്തിനും സ്വന്തം സന്തോഷത്തിനും പ്രാധാന്യം നൽകിയ ദീപേശിന്റെ തീരുമാനം പലർക്കും പ്രചോദനമായി. കോർപ്പറേറ്റ് ഗോവണികൾ കയറിപ്പോകുന്നത് മാത്രമല്ല വിജയമെന്ന് ഓർമ്മിപ്പിക്കുകയാണ് ദീപേശിന്റെ ജീവിതം.
















