93-ാം വയസ്സിൽ ഒരു കുഞ്ഞിന്റെ അച്ഛനായ ഓസ്‌ട്രേലിയൻ ഡോക്ടർ ജോൺ ലെവിൻ ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ആരോഗ്യകരമായ വാർധക്യത്തെക്കുറിച്ചുള്ള വിദഗ്ദ്ധനായ ഡോ. ലെവിൻ, 37 കാരിയായ ഭാര്യ ഡോ. യാനിംഗ് ലുവിനൊപ്പമാണ് ഈ പ്രായത്തിൽ അച്ഛനായത്.
ചിട്ടയായ ജീവിതശൈലിയാണ് തന്റെ ആരോഗ്യത്തിന്റെയും ദീർഘായുസ്സിന്റെയും രഹസ്യമെന്ന് ഡോ. ലെവിൻ പറയുന്നു. ദിവസേനയുള്ള വ്യായാമം, ഹ്യൂമൻ ഗ്രോത്ത് ഹോർമോൺ കുത്തിവയ്പ്പുകൾ, മദ്യം, പുകയില എന്നിവയുടെ വർജ്ജനം എന്നിവയെല്ലാം അദ്ദേഹം കർശനമായി പാലിക്കുന്നു.
ഒരു കുഞ്ഞിൽ ഒതുക്കാൻ ഈ ദമ്പതികൾ തയ്യാറല്ല. ഐവിഎഫ് (IVF) വഴി രണ്ടാമത്തെ കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. തന്റെ മകന്റെ 21-ാം ജന്മദിനം ആഘോഷിക്കാൻ 116 വയസ്സുവരെ ജീവിക്കാനാണ് ഡോ. ലെവിൻ ആഗ്രഹിക്കുന്നത്.
പുറത്തുപോകുമ്പോൾ പലപ്പോഴും ആളുകൾ തെറ്റിദ്ധരിക്കാറുണ്ടെന്ന് ഈ ദമ്പതികൾ പറയുന്നു. കുഞ്ഞിന്റെ മുത്തച്ഛനോ മുതുമുത്തച്ഛനോ ആണോ ഡോ. ലെവിൻ എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ അതൊന്നും തങ്ങളുടെ സന്തോഷത്തെ ബാധിക്കുന്നില്ലെന്നും ഈ പ്രായത്തിൽ ഒരു കുടുംബം ആരംഭിക്കാനുള്ള തങ്ങളുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ഇരുവരും പറയുന്നു.















