സ്വയം തെന്നി നീങ്ങുന്ന കല്ലുകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. കഥയോ നോവലോ ഭാവനയോ ഒന്നുമല്ല യഥാർത്ഥത്തിൽ ഉള്ള ഒരു സംഭവമാണിത്. അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഡെത്ത് വാലി നാഷനൽ പാർക്ക് അറിയപ്പെടുന്ന സ്ഥലത്താണ് ഈ പ്രതിഭാസം നടക്കുന്നത്. ലോകത്തെ ഏറ്റവും ചൂടേറിയ മേഖലയാണ് ഇവിടം. അനേകം പ്രതേകതകളുള്ള ഈ സ്ഥലത്തെ ഒരു വിചിത്ര പ്രതിഭാസമാണ് സെയിലിങ് സ്റ്റോൺസ് അഥവാ തനിയെ തെന്നിനീങ്ങുന്ന കല്ലുകൾ. എന്നാൽ ഈ കല്ലുകൾ തനിയെ തെന്നി നീങ്ങുന്നത് ഇതുവരെ ആരും നേരിൽ കണ്ടിട്ടില്ല പക്ഷെ ഇവയുടെ സ്ഥാനം മാറിയിരിക്കുന്നതും തെന്നി നീക്കിയതു പോലുള്ള പാടുകൾ ഇവയുടെ പിന്നിൽ കാണപ്പെടുന്നതും കല്ലുകൾ സ്വയം ചലിക്കുന്നുണ്ടെന്നതിന്റെ ലക്ഷണങ്ങളാണ്.
ഈ കല്ലുകൾ നീങ്ങുന്ന, അവയുടെ പാടുകൾ അവശേഷിക്കുന്ന മേഖല റേസ്ട്രാക് പ്ലായ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഡോളോമൈറ്റ്, സൈനൈറ്റ് എന്നീ ധാതുക്കളാൽ നിർമിതമാണ് ഈ കല്ലുകൾ. ചുറ്റുമുള്ള മലകളിൽ നിന്ന് പൊടിഞ്ഞു താഴെ വീഴുന്നവയാണ് ഇവ. ചെറുത് മുതൽ വലുപ്പമേറിയവ വരെ ഇക്കൂട്ടത്തിലുണ്ട്. അരക്കിലോമീറ്റർ ദൂരത്തോളമൊക്കെ തെന്നി നീങ്ങിയ കല്ലുകൾ ഇക്കൂട്ടത്തിലുണ്ട്.ഗുരുത്വാകർഷണപരമായ ഒരു കാരണങ്ങളും ഈ ചലനത്തിനു പിന്നിലില്ല. പിന്നീടെങ്ങനെയാണ് ഇതു സംഭവിക്കുന്നതെന്നത് ഇന്നുമൊരു ദുരൂഹതയാണ്.
തനിയെ തെന്നിനീങ്ങുന്ന കല്ലുകളെക്കുറിച്ച് വിശദീകരിക്കാൻ പല സിദ്ധാന്തങ്ങളും മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. ഈ മേഖലയിൽ പെട്ടെന്നു പെയ്യുന്ന മഴ കാരണം തറയിൽ ഒരു ചെറിയ ഐസ് പാളി രൂപപ്പെടുമെന്നും ഇത് പൊട്ടി കല്ലുകളുടെ അടിയിലേക്ക് ഒട്ടുന്നതാണു കല്ലുകളെ നീക്കുന്നതെന്നും ഗവേഷകർ പറയുന്നു. എന്നാൽ ഈ സിദ്ധാന്തത്തെ ശാസ്ത്രലോകം പൂർണമായി അംഗീകരിക്കുന്നില്ല. എന്താണ് ഡെത്ത് വാലിയിലെ കല്ലുകളുടെ പിന്നിലുള്ള രഹസ്യമെന്നത് ഇന്നും നിഗൂഢമായി തുടരുകയാണ്.
















