മദ്യപാനം ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവര്ക്കും അറിയാം. ചെറിയ അളവിലായാൽ പോലും മദ്യം നമ്മുടെ ശരീരത്തത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. എന്തൊക്കെ പാർസഫലങ്ങളുണ്ടെന്ന് പറഞ്ഞാലും ചിലർക്ക് അതില്ലാതെ പറ്റില്ല. രാത്രി മദ്യപിച്ചു കിടന്നുറങ്ങുന്ന മിക്കവർക്കും ഉള്ള ഒരു പ്രശ്നമാണ് രാവിലത്തെ ‘ഹാങ്ങ്ഓവർ’. രാവിലെ മാത്രമല്ല ഹാങ്ങ്ഓവർ വരുന്നത് മദ്യപാനത്തിന് ശേഷം പൊതുവേ ഇങ്ങനെ ഉണ്ടാകാറുണ്ട്.
ഒരാളുടെ ശരീരത്തിൽ മദ്യം എത്രനേരം നിൽക്കുമെന്നതാണ് ഹാങ്ങോവറിലൂടെ മനസിലാക്കുന്നത്. സമയം കഴിയുംതോറും കുടിക്കുന്ന മദ്യത്തിന്റെ തീവ്രത കുറഞ്ഞു വരുന്നു. കുടിക്കുന്ന മദ്യത്തിന്റെ പത്ത് ശതമാനം നിശ്വാസത്തിൽ കൂടിയും, മൂത്രത്തിൽക്കൂടിയും, വിയർപ്പിൽ കൂടിയുമൊക്കെ പിൻതള്ളപ്പെടുന്നു.
ഹാങ്ഓവര്‍ വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ;
വറുത്ത ഭക്ഷണങ്ങൾ
അച്ചാർ
മാംസങ്ങൾ
കോഫി
ഹാങ്ഓവര്‍ പെട്ടെന്ന് വിട്ടുമാറാനായി ചില ടിപ്സ്
മദ്യപാനം നിര്‍ജ്ജലീകരണമുണ്ടാക്കും. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുക. വെറും വെള്ളം കുടിക്കുന്നതിന് പകരം ഇലക്ട്രൊലൈറ്റുകള്‍ അടങ്ങിയ പാനീയങ്ങളാണ് നല്ലത്. തേങ്ങാവെള്ളം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ സ്പോർട്സ് പാനീയങ്ങൾ തുടങ്ങിയവ നല്ലതാണ്. ഇവ ക്ഷീണം, മലബന്ധം, തലവേദന എന്നിവയ്ക്ക് ശമനമുണ്ടാക്കും.
നല്ല ഭക്ഷണം, അഥവാ പോഷക സമ്പന്നമായ ഭക്ഷണം കരളിലെ മെറ്റബോളിസത്തെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സന്തുലിതമായി നിലനിര്‍ത്താനും സഹായിക്കും. സാൽമൺ, അവോക്കാഡോ, മുട്ട, ടർക്കി തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
കാർബോഹൈഡ്രേറ്റ് കൂടുതലുള്ള, എരിവും പുളിയും അധികമില്ലാത്ത ഭക്ഷണവും കഴിക്കാം. ഇത് രക്തത്തിലെ താഴ്ന്ന പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുകയും ഓക്കാനം കുറയ്ക്കുകയും ചെയ്യും.
സിങ്ക്, വിറ്റാമിന്‍ ബി എന്നിവയുടെ അളവ് കുറയുന്നതാണ് ഹാങ് ഓവറുകള്‍ കൂടുതൽ വഷളാക്കുന്നത്. ബെറികള്‍, ധാന്യങ്ങൾ, ഇലക്കറികൾ, നട്സ് എന്നിവ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. എണ്ണയില്‍ പാകം ചെയ്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം.
മദ്യം കഴിച്ചാലുണ്ടാകുന്ന ഓക്കാനം, വയറ്റിലെ അസ്വസ്ഥത എന്നിവയ്ക്ക് ഇഞ്ചി ചായ നല്ല ഓപ്ഷനാണ്.
നല്ല ഉറക്കവും ഹാങ്ഓവറിന്റെ ക്ഷീണം കുറയ്ക്കാന്‍ നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്;
കാപ്പി കുടിക്കുന്നതിലൂടെയും കുളിക്കുന്നതിലൂടെയും ഹാങ്ഓവര്‍ പെട്ടെന്ന് മാറും എന്ന് കരുതരുത്. ശരീരം സാധാരണ നിലയിലേക്ക് മടങ്ങിയെത്താന്‍ സമയം നല്‍കണം.
മദ്യം കഴിക്കുന്നതിനൊപ്പം തന്നെ ധാരാളം വെള്ളവും കുടിക്കുക.
കുടിക്കുന്നതിനു മുൻപ് ഭക്ഷണം കഴിക്കുക.
മദ്യം കഴിച്ചു കഴിഞ്ഞാല്‍ ഒറ്റരാത്രികൊണ്ട് ഹാങ്ഓവര്‍ മാറും എന്ന് പ്രതീക്ഷിക്കരുത്. സാധാരണഗതിയില്‍ എട്ടു മണിക്കൂർ മുതൽ 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹാങ്ഓവർ ലക്ഷണങ്ങൾ മാറിയേക്കാവുന്നതാണ്.
ശ്വസനനിരക്ക് താഴുക, ശരീരതാപനില കുറയുക, അബോധാവസ്ഥ, തീവ്രമായ ഛർദി, ചർമം നീലനിറമാവുകയോ വിളറുകയോ ചെയ്യുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
മദ്യപാനം ഹൃദയത്തിന് വെല്ലുവിളിയാകുന്നത് എങ്ങനെ?
അമിതമായി മദ്യപിക്കുന്നത് മൂലം ഉണ്ടാകുന്ന ഒരു തരം ഹൃദ്രോഗമാണ് ആൽക്കഹോളിക് കാർഡിയോമയോപ്പതി. കൂടാതെ അമിതമായ മദ്യപാനം ഹൃദയത്തിൻ്റെ ഘടനയെയും പ്രവർത്തനത്തെയും തകരാറിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.
അമിതമായി മദ്യപിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകും. ഇത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു. അമിതമായി മദ്യം കഴിക്കുന്നത് രക്തത്തിലെ ട്രൈഗ്ലിസറൈഡിൻ്റെ അളവ് വർദ്ധിപ്പിക്കും. ഇത് ലിപ്പോപ്രോട്ടീന്‍ കൊളസ്ട്രോളുമായി ചേര്‍ന്ന് ആര്‍ട്ടെറി വാള്‍സില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും.
ഇങ്ങനെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാദ്ധ്യത വര്‍ധിപ്പിക്കുന്നു. അമിതമായ മദ്യപാനം അരിത്മിയയ്ക്കും കാരണമാകും.
അതുകൊണ്ട് മദ്യപാനം നിര്‍ത്തി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതാണ് അഭികാമ്യം. ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉടന്‍ തന്നെ ചികിത്സയും തേടണം.
















