ബിഹാറിലെ വോട്ടർ പട്ടികയിൽ വരുത്തിയ മാറ്റങ്ങൾ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ കൃത്യമായി എഴുതി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും അതിൽ നിന്ന് കമ്മീഷൻ ഒഴിഞ്ഞുമാറില്ലെന്ന് വിശ്വസിക്കുന്നെന്നും കോടതി പറഞ്ഞു
വോട്ടർ പട്ടികയിൽ നിന്ന് ആരെയൊക്കെ ഒഴിവാക്കി എന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
നവംബർ 6, 11 തീയതികളിലായി രണ്ടു ഘട്ടമായാണ് ബിഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളും പ്രചാരണങ്ങളും സജീവമാകുന്ന ഈ ഘട്ടത്തിൽ, സുപ്രീം കോടതിയുടെ ഈ ഇടപെടൽ ശ്രദ്ധേയമാകുകയാണ്. കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കും. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഈ ഇടപെടലെന്നാണ് വിലയിരുത്തൽ.
















