പൊതുവെ ശാന്തസ്വഭാവം കാത്തുസൂക്ഷിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം പേസ് ബൗളർ ജസ്പ്രീത് ബുമ്ര മുംബൈ വിമാനത്താവളത്തിൽ വെച്ച് പാപ്പരാസികളുടെ ശല്യം സഹിക്കാനാവാതെ രൂക്ഷമായി പ്രതികരിച്ചു. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര കളിച്ച് മടങ്ങിയെത്തിയ ബുമ്രയെ എയർപോർട്ടിന് പുറത്തുവെച്ച് ഒരു സംഘം ഫോട്ടോഗ്രാഫർമാർ വളയുകയും ഫോട്ടോ എടുക്കാൻ നിർബന്ധിക്കുകയും ചെയ്തതാണ് താരത്തെ ചൊടിപ്പിച്ചത്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
പാപ്പരാസികൾ താരത്തിന് ചുറ്റും കൂടിയതോടെ, സാധാരണയായി ഗ്രൗണ്ടിലെ കടുത്ത സമ്മർദ്ദ നിമിഷങ്ങളിൽ പോലും സംയമനം പാലിക്കാറുള്ള ബുമ്ര ക്ഷമ നശിച്ച നിലയിലായിരുന്നു. “നിങ്ങളോടൊന്നും ഇങ്ങോട്ടു വരാൻ ഞാൻ പറഞ്ഞിട്ടില്ല. നിങ്ങൾ മറ്റാർക്കോ വേണ്ടിയാണ് വന്നത്. അവർ ഉറപ്പായും വരുമായിരിക്കും,” എന്ന് ദേഷ്യത്തോടെ ബുമ്ര പ്രതികരിച്ചു. എന്നിരുന്നാലും, ഫോട്ടോഗ്രാഫർമാർ പിന്മാറാൻ തയ്യാറാകാതെ, “ബുമ്ര ഭായ്, നിങ്ങളാണ് ഞങ്ങളുടെ ദീപാവലി ബോണസ്” എന്ന് പറഞ്ഞ് താരത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഈ കമൻ്റ് ബുമ്രയെ ഒട്ടും സന്തോഷിപ്പിച്ചില്ല. “സഹോദരാ, എന്നെ എൻ്റെ വാഹനത്തിനടുത്തെങ്കിലും പോകാൻ സമ്മതിക്കുമോ?” എന്ന് ചോദിച്ച ശേഷം ബുമ്ര വേഗത്തിൽ നടന്നുപോവുകയായിരുന്നു.
വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷമാണ് ബുമ്ര മുംബൈയിൽ എത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. പേസർമാരായ ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഏകദിന ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുള്ള T-20 പരമ്പരയ്ക്കുള്ള ടീമിൽ ബുമ്ര ഇടം നേടിയിട്ടുണ്ട്. ഒക്ടോബർ 29-ന് കാൻബറയിലാണ് T-20 പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. വർധിച്ചുവരുന്ന താരത്തിൻ്റെ ജോലിഭാരം പരിഗണിച്ച് സെലക്ടർമാർ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുന്നത് നിരന്തരമായി തുടരുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ സെലിബ്രിറ്റികൾക്ക് സ്വകാര്യത നഷ്ടമാകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.
















