പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഹൊറര്‍ ചിത്രമാണ് ‘ഡീയസ് ഈറേ’. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്
‘ഡീയസ് ഈറേ’. പ്രണവ് മോഹൻലാൽ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡിൽ നിന്ന് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

രാഹുൽ സദാശിവന്റെ ഇഷ്ട ഴോണറായ ഹൊറർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.’ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. അടുത്തിടെ പുറത്തുവിട്ട സിനിമയുടെ ട്രെയിലറിന് മികച്ച വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. ട്രെയിലറിലെ പ്രണവിന്റെ അഭിനയമുഹൂർത്തങ്ങൾ വലിയ ചർച്ചയായിരുന്നു. ഒരു കണ്ണാടിയിൽ ആരെയും പേടിപ്പിക്കുന്ന മുഖഭാവങ്ങളോടെ നിൽക്കുന്ന പ്രണവിന്റെ ഷോട്ട് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്.
ചിത്രത്തിൽ പ്രണവ് നായകനായും വില്ലനായും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. അഭിനയത്തിൽ പ്രണവ് ഞെട്ടിക്കുമെന്നും ഇതുവരെ കാണാത്ത നടന്റെ വേഷപ്പകർച്ചകൾ ഈ സിനിമയിലൂടെ കാണാൻ സാധിക്കുമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്. പ്രണവിന്റെ ഡയലോഗ് ഡെലിവറിക്കും കയ്യടി ലഭിക്കുന്നുണ്ട്.നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്. രാഹുല്‍ സദാശിവന്റെ ചിത്രം ഇത്തവണയും പ്രേക്ഷകരെ പേടിപ്പിക്കുമെന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചന.
















