ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറുകളായി പ്രത്യേക അന്വേഷണസംഘം പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. നാളെ 12 മണിക്കുള്ളില്‍ ഇയാളെ റാന്നി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. എസ്പി ബിജോയ്യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
രാവിലെ 10 മണിയോടെ കല്ലറയിലെ വീട്ടില്‍ നിന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. എസ്പി ശശിധരന്‍ അല്‍പസമയത്തിനകം തിരുവനന്തപുരം ഈഞ്ചക്കലിലെ ഓഫിസിലെത്തിച്ചേരുമെന്നാണ് വിവരം. ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ച തെളിവുകള്‍ നിരത്തിയാണ് പോറ്റിയെ വിശദമായി ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 5 ദിവസങ്ങളിലായി സന്നിധാനത്തുനിന്ന് ഉള്‍പ്പെടെ ശേഖരിച്ച തെളിവുകളടക്കം മുന്നില്‍വെച്ചുകൊണ്ടാണ് അന്വേഷണ സംഘം പോറ്റിയെ ചോദ്യമുനയില്‍ നിര്‍ത്തിയത്. സ്വര്‍ണപ്പാളി കൊണ്ടുപോയ 39 ദിവസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചറിഞ്ഞിരുന്നത്. ഇന്ന് എസ്പി ശശിധരന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് നടത്തിയ നിര്‍ണായക പരിശോധനയില്‍ സുപ്രധാനമായ ചില തെളിവുകള്‍ കണ്ടെത്തിയതായും സൂചനയുണ്ട്. നാളെയോടെ കേസിന്റെ പൂര്‍ണമായ ചിത്രം തെളിയുമെന്നാണ് സൂചന.
STORY HIGHLIGHT: unnikrishnan potty arrested in sabarimala gold theft case
















