ഗാസയിൽ അക്രമം തുടർന്നാൽ ഹമാസ് ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഹമാസ് ഗാസയിലെ തെരുവിൽ പരസ്യമായി വധശിക്ഷ നടപ്പാക്കിയത് ഉൾപ്പെടെയുള്ള അക്രമങ്ങൾ തുടരവേയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ആഭ്യന്തര രക്തച്ചൊരിച്ചിൽ തുടർന്നാൽ ഹമാസ് അംഗങ്ങളെ കൊല്ലുകയല്ലാതെ മറ്റു വഴിയില്ലെന്നു ട്രംപ് പറഞ്ഞു. ഹമാസ് ഗാസയിലെ ജനങ്ങളെ കൊല്ലുന്നതു തുടർന്നാൽ ഞങ്ങൾക്ക് അങ്ങോട്ടു ചെന്ന് അവരെ കൊല്ലുകയല്ലാതെ വേറെ വഴിയില്ല. ഹമാസ് നടത്തുന്ന കൊലപാതകങ്ങൾ സമാധാനക്കരാറിന്റെ ഭാഗമല്ല’ –ട്രംപ് പറഞ്ഞു.
ഹമാസ് ഗാസയിൽ നടത്തുന്ന അക്രമങ്ങൾ തന്നെ ബാധിക്കുന്നില്ലെന്നായിരുന്നു ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നത്. രണ്ടുദിവസത്തിനു ശേഷമാണ് ഇക്കാര്യത്തിലെ നിലപാടുമാറ്റം. എതിർ സംഘാംഗങ്ങളെ കൊലപ്പെടുത്തുന്ന ഹമാസിന്റെ പ്രവൃത്തി തനിക്ക് അധികം ക്ഷമിക്കാൻ സാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഹമാസ് ആയുധം കൈവെടിയണം. ഇല്ലെങ്കിൽ ഹമാസിനെ ഞങ്ങൾ നിരായുധീകരിക്കും. അത് വേഗത്തിലും ചിലപ്പോൾ രക്തരൂക്ഷിതവുമായിരിക്കും –ട്രംപ് പറഞ്ഞു.
















