എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് അറിയിച്ച് പെൺകുട്ടിയുടെ പിതാവ്. സ്കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നും സ്കൂൾ അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് പറഞ്ഞു.
അതേസമയം ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി സ്കൂൾ അധികൃതർക്കെതിരെ പ്രകോപനം തുടരുന്നതിനിടെ പ്രശ്‌നപരിഹാരം വൈകുന്നു. ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട എട്ടാം ക്ലാസ് വിദ്യാർഥി കഴിഞ്ഞദിവസവും സ്‌കൂളിലെത്തിയിരുന്നില്ല. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർഥി കഴിഞ്ഞ ദിവസങ്ങളിൽ അവധിയായിരുന്നു.
സ്‌കൂൾ ചട്ടങ്ങളും നിബന്ധനകളും പാലിക്കാമെന്ന് രേഖാമൂലം എഴുതി നൽകണമെന്ന സ്‌കൂൾ അധികൃതരുടെ ആവശ്യത്തിൽ വിദ്യാർഥിയുടെ മാതാപിതാക്കൾ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഹൈക്കോടതിയിലെ നിയമനടപടികൾ തുടരട്ടെ എന്ന നിലപാടിലാണ് സ്‌കൂൾ അധികൃതർ. സ്കൂളിന് പൊലീസ് സുരക്ഷ തുടരുകയാണ്. പൊലീസ്, വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സമവായ ചർച്ച നീക്കങ്ങൾ നടക്കുന്നുണ്ട്.
















