തിരുവനന്തപുരം: മുസ്ലീം ലീഗിനെ വീണ്ടും കടന്നാക്രമിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ‘മതേതര കോമഡി’കളിലൊന്നാണ് മുസ്ലീം ലീഗെന്ന് പരിഹസിക്കുന്ന വെള്ളാപ്പള്ളി വേഷത്തില്‍പ്പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തിലില്ലെന്ന ആക്ഷേപവും ഉന്നയിക്കുന്നു.
എസ്എന്‍ഡിപി യോഗം മുഖപത്രമായ യോഗ നാദത്തിന്റെ മുഖ പ്രസംഗത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍. അവിഭക്ത ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട സര്‍വേന്ത്യാ മുസ്ലീം ലീഗിന്റെ സ്വാതന്ത്ര്യാനന്തര രൂപമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്.
രണ്ട് പ്രസ്ഥാനങ്ങളുടെയും ലക്ഷ്യം മുസ്ലീങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കല്‍ മാത്രമാണ്, എല്ലാ ജനങ്ങളുടെയും അവകാശ സംരക്ഷണമല്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നു. മനുഷ്യത്വമുള്ള, മനുഷ്യന്റെ വേദനകള്‍ തിരിച്ചറിയുന്ന കുറേ നേതാക്കള്‍ പണ്ടും ഇന്നും ആ സംഘടനയിലുണ്ട്.
എന്നാല്‍ നവനേതാക്കളുടെ മട്ടും ഭാവവും സംസാരവും കേട്ടാല്‍ ഓര്‍മ്മവരിക, പഴയ നീലക്കുറുക്കന്റെ കഥയാണ്. ഒരു ചാറ്റല്‍മഴയില്‍ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വം എന്നും ലേഖനം പറയുന്നു.
















