എള്ളുണ്ട കഴിക്കാത്ത മലയാളികൾ ഉണ്ടാവില്ല. ആസ്വദിച്ചു കഴിക്കുമ്പോൾ അതിൻ്റെ ഗുണത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കാത്സ്യം, ഇരുമ്പ്, മറ്റ് ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് എള്ള്. ഇത് എല്ലുകൾക്ക് ബലം നൽകാനും ശരീരത്തിന് ഊർജ്ജം നൽകാനും സഹായിക്കുന്നു. കൂടാതെ, ഇതിലെ നാരുകൾ ദഹന പ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ നാടൻ പലഹാരം ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഒരു തവണ തയ്യാറാക്കി വച്ചാൽ ഇത് ഏറെനാൾ കേടുകൂടാതെ സൂക്ഷിക്കാം.
ചേരുവകൾ
എള്ള്- 1/2 കിലോ
ശർക്കര- 1/2 കിലോ
വെള്ളം- ആവശ്യത്തിന്
ഏലയ്ക്ക- 2
തയ്യാറാക്കുന്ന വിധം
അര കിലോ എള്ള് വൃത്തിയായി കഴുകിയെടുക്കാം. അത് ഒരു പാനിലേയ്ക്കു മാറ്റി എണ്ണ ചേർക്കാതെ വറുത്തെടുക്കാം. മറ്റൊരു പാനിൽ അര കിലോ ശർക്കര പൊടിച്ചു ചേർക്കാം. അതിലേയ്ക്ക് വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കാം. ഏലയ്ക്ക പൊടിച്ചതു കൂടി ചേർത്ത് ശർക്കര നന്നായി അലിയുന്നതു വരെ ഇളക്കാം. അലിഞ്ഞു കിട്ടിയ ശർക്കര ലായനി തണുത്തതിനു ശേഷം അരിച്ചെടുക്കാം. വറുത്ത എള്ളിലേയ്ക്ക് അത് ഒഴിച്ചിളക്കാം. ശേഷം കൈ ഉപയോഗിച്ച് ചെറിയ ഉരുളകളാക്കി മാറ്റാം.
















