അച്ചാർ തയ്യാറാക്കി സൂക്ഷിക്കാൻ ഏറെ ഇഷ്ട്ടപ്പെടുന്നവരാണ് കേരളീയർ. എരിവും പുളിയുമൊക്കെ ചേർന്ന അച്ചാറും ചോറും എന്നും കൊതിപ്പിക്കുന്ന കോമ്പിനേഷൻ തന്നെയാണ്. അങ്ങനെയെങ്കിൽ ഒരു പുതിയ പരീക്ഷണം ആയിക്കോളൂ. നല്ല എരിവൻ പച്ചമുളകും കുറച്ച് ചുവന്നുള്ളിയും ഉണ്ടെങ്കിൽ ഇതു വരെ കഴിക്കാത്ത രുചിയിൽ ഒരു നാടൻ ഇൻസ്റ്റൻ്റ് അച്ചാർ റെഡിയാക്കാം. തൈരും, ചോറും ഈ അച്ചാറും ഉണ്ടെങ്കിൽ പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല. കിടിലം മുത്തശ്ശി എന്ന ഇൻസ്റ്റഗ്രാം പേജാണ് അച്ചാർ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
ഉലുവ
കടുക്
പെരുംജീരകം
ചുവന്നുള്ളി
പച്ചമുളക്
മഞ്ഞൾപ്പൊടി
മുളകുപൊടി
മല്ലിപ്പൊടി
കരിഞ്ചീരകം
ഉപ്പ്
നല്ലെണ്ണ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് ഉലുവ, കടുക്, പൊരുംജീരകം എന്നിവ എണ്ണ ചേർക്കാതെ വറുത്ത് മാറ്റി, പൊടിച്ചെടുക്കാം. അതേ പാനിലേയ്ക്ക് ചുവന്നുള്ളിയും, പച്ചമുളകും ചേർത്ത് റോസ്റ്റ് ചെയ്യാം. പൊടിച്ചെടുത്ത മസാലയോടൊപ്പം കുറച്ച് മഞ്ഞൾപ്പൊടി, എരിവിനനുസരിച്ച് മുളകുപൊടി, അൽപ്പം മല്ലിപ്പൊടി, കരിഞ്ചീരകം തുടങ്ങിയവ ചേർത്തിളക്കാം. ആവശ്യത്തിന് ഉപ്പും, കുറച്ച് നല്ലെണ്ണയും ഒഴിച്ച് വഴറ്റാം. അടുപ്പണച്ച് ചൂടാറാൻ മാറ്റി വെയ്ക്കാം. നനവില്ലാത്ത വൃത്തിയാക്കിയ പാത്രത്തിലേയ്ക്ക് അത് മാറ്റി സൂക്ഷിക്കാം. ആവശ്യാനുസരണം കഴിച്ചു നോക്കൂ.
















