സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ. ബിജെപിയുടെ വികസന സന്ദേശയാത്രയുടെ തൃശൂരിലെ ഉദ്ഘാടന വേദിയിലാണ് ഔസേപ്പച്ചൻ എത്തിയത്.
നേരത്തെ ആർഎസ്എസ് സംഘടിപ്പിച്ചിരുന്ന പരിപാടിയിലും ഔസേപ്പച്ചൻ എത്തിയിരുന്നു. ഭാരതം ലോകത്ത് ഏറ്റവും ഉയർന്നു നിൽക്കുന്ന രാജ്യം ജാതി-മത ഭേദമന്യേ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. മറ്റ് രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഒരുപാട് വളര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് അദേഹം പറഞ്ഞു.
ഒരുമിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് ഓരോ ഭാരതീയരും ചെയ്യേണ്ട കടമയെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. ബി ഗോപാലകൃഷ്ണന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ചിന്താശക്തിയും ദൃഢനിശ്ചയവും ഉണ്ടെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. വികസന സന്ദേശയാത്രക്ക് എല്ലാ മംഗളങ്ങളും വിജയാശംസകളും നേരുന്നുവെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദേഹം പറഞ്ഞു. ഔസേപ്പച്ചൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
‘ നിങ്ങള്‍ കളങ്കമില്ലാത്ത ആളുകളാണ്. ജനങ്ങളെ സേവിക്കാന്‍ പറ്റിയ ആളുകളാണ്. നിയമസഭയില്‍ നിങ്ങളെ പോലെയുള്ളവര്‍ മത്സരിക്കണമെന്നതാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആഗ്രഹം. ഭാരതീയ ജനതാ പാര്‍ട്ടി നിങ്ങള്‍ക്ക് വേണ്ടി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. നിയമസഭയില്‍ മുണ്ട് പൊക്കി കാണിച്ച അടിയുണ്ടാക്കുന്നയാളുകളല്ല വേണ്ടത്. കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നയാളുകളാണ് വരേണ്ടത്. ഔസേപ്പച്ചനെ പോലെയുള്ളവര്‍ വികസന കാഴ്ചപ്പാടില്‍ ബിജെപിയോടൊപ്പം അണിചേരണം’ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
















