തനത് നാടൻ രുചിക്കൂട്ടുകളോടെ ഉണ്ടാക്കുന്ന സാമ്പാറാണ് മുതിര സാമ്പാർ. സാധാരണ സാമ്പാറിനേക്കാൾ ആരോഗ്യകരവും അതുപോലെതന്നെ രുചികരവുമാണ്. മുതിരയുടെ ഗുണങ്ങളെല്ലാം നിലനിർത്തിക്കൊണ്ട്, നിങ്ങളുടെ ഊണിനെ കൂടുതൽ സമ്പന്നമാക്കുന്ന ഈ ഹോഴ്സ് ഗ്രാം സാമ്പാർ എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.
ചേരുവകൾ
മുതിര- 1 കപ്പ്
ഉഴുന്ന് പരിപ്പ് – ½ കപ്പ്
തക്കാളി – 2 (അരിഞ്ഞത്)
പച്ചമുളക് – 2
ഇഞ്ചി – 1 ഇഞ്ച് കഷണം
ശർക്കര – ആവശ്യത്തിന്
എണ്ണ – 1 ടേബിൾസ്പൂൺ
കടുക് – 1/2 ടേബിൾസ്പൂൺ
ഉലുവ – 1/2 ടേബിൾസ്പൂൺ
കറിവേപ്പില – 8-10 ഇലകൾ
വഴുതനങ്ങ- ആവശ്യത്തിന്
മുരിങ്ങ- ആവശ്യത്തിന്
സാമ്പാർ പൊടി – 2 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടേബിൾസ്പൂൺ
ഉപ്പ്
നെയ്യ് അല്ലെങ്കിൽ എണ്ണ – 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
മുതിരയും, പരിപ്പും വെള്ളത്തിൽ കഴുകിയെടുക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് പരിപ്പും, മുതിരയും ചേർത്തു വറുക്കാം. അതിൻ്റെ നിറം മാറി വരുമ്പോൾ അടുപ്പണച്ച് തണുക്കാൻ വയ്ക്കാം. ശേഷം ഇത് നന്നായി പൊടിച്ചെടുക്കാം. അതിലേയ്ക്ക് തേങ്ങ കഷ്ണങ്ങൾ ചേർത്ത് അരച്ചെടുക്കാം. ഒരു ചീനച്ചട്ടി അടുപ്പിൽ വയ്ക്കാം. അതിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ അതിലേയ്ക്ക് കടുകും, ഉലുവയും ചേർത്തു പൊടിക്കാം. ശേഷം ചുവന്നുള്ളി ചേർത്തു വഴറ്റാം. അതിൻ്റെ നിറം മാറി വരുമ്പോൾ തക്കാളി കഷ്ണങ്ങളാക്കിയതും, വഴുതനങ്ങയും ചേർത്തു വഴറ്റാം. പച്ചക്കറികൾ വെന്തു വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി, സാമ്പാർ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കാം. ഇതിലേയ്ക്ക് അരപ്പ് ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിക്കാം. മുകളിൽ മല്ലിയില ചേർത്ത് ചൂടോടെ വിളമ്പാം.
















