മലയാളിയുടെ ബ്രേക്ക്ഫാസ്റ്റ് പലപ്പോഴും ദോശയും, ഇഡ്ഡലിയും മാത്രമാണ്. എന്നാലിനി ചെറുപയർ ഉപയോഗിച്ച് ചപ്പാത്തി കൂടി രാവിലെത്തെ ഭക്ഷണത്തിലേയ്ക്ക് ഉൾപ്പെടുത്തൂ. പ്രോട്ടീനും നാരുകളാലും സമ്പന്നമായതിനാൽ ദിവസവും മുഴുവൻ ദഹനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജവും ഉന്മേഷവും മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും, കൂടാതെ പഞ്ഞിപോലുള്ള ചപ്പാത്തിയും ചുട്ടെടുക്കാം.
ചേരുവകൾ
ഗോതമ്പ് പൊടി- 2 കപ്പ്
ചെറുപയർ- 1/2 കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ
പച്ചമുളക്- 1 എണ്ണം
മല്ലിയില- 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
ജീരകപ്പൊടി- 1/2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
എണ്ണ/നെയ്യ്- 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചെറുപയർ പരിപ്പ് രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ശേഷം അതിലേയ്ക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കാം. ഇത് തണുക്കാൻ മാറ്റി വയ്ക്കാം. മറ്റൊരു ബൗളിൽ ഗോതമ്പ് പൊടിയെടുക്കാം. ചെറുചൂടുള്ള വെള്ളം അതിലേയ്ക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം. തണുത്ത ചെറുപയർ ഉടച്ചെടുക്കാം. അല്ലെങ്കിൽ മിക്സിയിൽ അരച്ചെടുക്കാം. ഇത് ഗോതമ്പിലേയ്ക്കു ചേർക്കാം. കുറച്ച് വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കി മാവ് പരുവത്തിലാക്കാം. കുറച്ച് നെയ്യ് കൂടി ചേർക്കുന്നത് മാവ് സോഫ്റ്റാകാനും ഒട്ടിപിടിക്കാതിരിക്കാനും സഹായിക്കും. കുഴച്ചെടുത്ത മാവ് 30 മിനിറ്റ് മാറ്റിവയ്ക്കാം. ശേഷം മാവ് ചെറിയ ഉരുളകളാക്കാം. അത് പരത്തിയെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് പരത്തിയ ചപ്പാത്തി വച്ചു ചൂട്ടെടുക്കാം. മുകളിൽ കുറച്ച് നെയ്യ് പുരട്ടാം. ഇരുവശങ്ങളും വെന്തതിനു ശേഷം ചൂടോടെ വിളമ്പി കഴിച്ചു നോക്കാം.
















