കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിച്ചതിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം വീണ്ടും രൂക്ഷമാകുമ്പോള്‍ ഭിന്നത വെളിപ്പെടുത്തി ചാണ്ടി ഉമ്മന്‍.
പാര്‍ട്ടിയിലെ തന്റെ പ്രവര്‍ത്തനകാലത്തിന് അനുസരിച്ച് പരിഗണന പോലും ലഭിച്ചില്ലെന്ന് തുറന്നടിക്കുകയാണ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. നേതൃത്വത്തിന് എതിരെ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതായി അറിഞ്ഞത്. സംഘടനാ മര്യാദകള്‍ പോലും തനിക്കെതിരായ നീക്കത്തില്‍ പാലിക്കപ്പെട്ടില്ലെന്നും ചാണ്ടി ഉമ്മന്റെ ആരോപിക്കുന്നു.
തനിക്കെതിരായ നീക്കത്തിന് പിന്നില്‍ ആരാണെന്നും, എന്താണ് കാരണമെന്നും വ്യക്തമായി അറിയാം. ഇപ്പോള്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സംഘടനാ മര്യാദകള്‍ പാലിക്കണം. എന്നോട് രാജി ആവശ്യപ്പെട്ടിരുന്നു എങ്കില്‍ രാജി നല്‍കുമായിരുന്നു. താന്‍ നേരിട്ട അനീതിയെ കുറിച്ച് മുതിര്‍ന്ന നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
















