പാച്ചല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽനിന്ന് യാത്രക്കാരി പുറത്തേക്ക് വീണ് അപകടം. പാണവിള ഭാഗത്തുനിന്ന് കയറിയ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനിയായ 22 വയസ്സുള്ള മറിയം എന്ന യുവതിക്കാണ് പരുക്കേറ്റത്.
യുവതി സഞ്ചരിച്ച പൂവാർ-തിരുവനന്തപുരം റൂട്ടിലോടുന്ന ബസിന്റെ വാതിൽ തുറന്നാണ് അപകടമുണ്ടായത്. പുറത്തേക്ക് വീണ മറിയത്തെ ഉടൻ തന്നെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കാനിങ്ങിന് വിധേയയാക്കിയ യുവതി ചികിത്സയിലാണ്.
ബാഗിന്റെ വള്ളി ഡോർ ലോക്കിൽ കുരുങ്ങിയതിനെ തുടർന്ന് വാതിൽ തുറന്നുപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
















