ബെംഗളൂരുവിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ സീനിയർ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 22 വയസ്സുള്ള വിദ്യാർത്ഥി അറസ്റ്റിലായി. ജീവൻ ഗൗഡ എന്നയാളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. പീഡനത്തിനിരയായ വിദ്യാർത്ഥിനി ഹനുമന്തനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. ഒക്ടോബർ 10-ന് കോളേജ് കാമ്പസിനുള്ളിലാണ് ആക്രമണം നടന്നത്. ഏഴാം സെമസ്റ്റർ വിദ്യാർത്ഥിനിയായ യുവതി അഞ്ച് ദിവസത്തിന് ശേഷമാണ് മാതാപിതാക്കളെ വിവരം അറിയിച്ചത്. ഉടൻ തന്നെ മാതാപിതാക്കൾ പൊലീസിന് പരാതി നൽകുകയായിരുന്നു.
“യുവതിയും പ്രതിയും പരസ്പരം അറിയുന്നവരും ഒരേ സ്ഥാപനത്തിൽ പഠിക്കുന്നവരുമായിരുന്നു. എന്നാൽ അക്കാദമിക് ബാക്ക്‌ലോഗുകൾ കാരണം ജീവൻ ഒരു വർഷം പിന്നിലായിരുന്നു,” സംഭവത്തെക്കുറിച്ച് അറിയുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ലഞ്ച് ബ്രേക്കിനിടെ ചില പഠന സാമഗ്രികൾ വാങ്ങാനാണ് യുവതി ജീവനെ കണ്ടുമുട്ടിയതെന്ന് പരാതിയിൽ പറയുന്നു. ആർക്കിടെക്ചർ ബ്ലോക്കിന് സമീപമുള്ള ഏഴാം നിലയിലേക്ക് ഇയാൾ അവളെ വിളിച്ചുവരുത്തുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു. “അവൾ ചെറുത്തുനിൽക്കുകയും പോകാൻ ശ്രമിക്കുകയും ചെയ്തപ്പോൾ, അയാൾ അവളെ ബലമായി ആറാം നിലയിലെ പുരുഷന്മാരുടെ ടോയ്‌ലറ്റിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നു,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
സംഭവസമയത്ത്, യുവതിയുടെ ഫോൺ റിംഗ് ചെയ്തപ്പോൾ പ്രതി അത് പിടിച്ചുവാങ്ങിയതായും റിപ്പോർട്ടുണ്ട്.
ആദ്യം അധികൃതരെ സമീപിക്കാൻ കഴിയാത്തത്ര ആഘാതത്തിലായിരുന്ന യുവതി പിന്നീട് മാതാപിതാക്കളുടെ പിന്തുണയോടെയാണ് പരാതി നൽകിയത്. പോലീസ് ഫോറൻസിക് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ആക്രമണം നടന്ന നിലയിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തെ സങ്കീർണ്ണമാക്കിയിട്ടുണ്ട്.
സംഭവം രാഷ്ട്രീയ പ്രതികരണങ്ങൾക്കും വഴിവെച്ചു, സംസ്ഥാന സർക്കാർ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ബെംഗളൂരുവിലെ ഈ കേസ് ക്രമസമാധാന നില തകർന്നതിന്റെ സൂചനയാണെന്ന് ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവ് ആർ. അശോക് പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ കർണാടകയിൽ 979-ൽ അധികം പെൺകുട്ടികൾ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇതിൽ 114 എണ്ണം ബെംഗളൂരുവിലാണെന്നും അദ്ദേഹം ആരോപിച്ചു.
“ബെംഗളൂരുവിലെ ക്രൂരമായ പീഡനവും സ്ത്രീകൾക്കെതിരായ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും ഈ സർക്കാരിന്റെ ധാർമ്മികവും ഭരണപരവുമായ പരാജയമാണ് കാണിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല,” അശോക് ‘എക്‌സി’ൽ കുറിക്കുകയും സംസ്ഥാന സർക്കാരിനോട് നടപടി ആവശ്യപ്പെടുകയും ചെയ്തു.
















