പണം കയ്യിൽ കൊണ്ടുനടക്കുന്നത് ഇന്നത്തെ കാലത്ത് വളരെ ചുരുക്കം ചില ആളുകൾ ചെയ്യുന്ന കാര്യമാണ്. മിക്ക ആളുകളും ഇന്ന് യുപിഐ യെ ആണ് പണമിടപാടുകൾക്കായി ആശ്രയിക്കുന്നത്. മാത്രമല്ല യുപിഐ വന്നതോടെ പണമിടപാടുകള്‍ കൂടുതൽ എളുപ്പമായി. ചെറിയ പണമിടപാടുകൾക്ക് പോലും നാം യുപിഐയെ ആണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ പ്രിയ സംവിധാനമായി യുപിഐ പെട്ടെന്നു മാറുകയും ചെയ്തു.
എന്നാല്‍ ചിലപ്പോഴൊക്കെ ധൃതിയില്‍ പണം അയക്കുമ്പോള്‍ അക്കൗണ്ട് നമ്പറോ യുപിഐ ഐഡിയോ തെറ്റി പോകാന്‍ സാധ്യതയുണ്ട്. പേടിക്കേണ്ട, ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരിയായ നടപടികള്‍ സ്വീകരിച്ചാല്‍ പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിനായി എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.
തെളിവ് സൂക്ഷിക്കുക എന്നത് തന്നെയാണ് പ്രധാനം. പേയ്‌മെന്റ് രസീത്, അല്ലെങ്കില്‍ സ്‌ക്രീന്‍ ഷോട്ട് എടുത്തുവെക്കുക. ട്രാന്‍സാക്ഷന്‍ ഐടി ,യുടിആര്‍ നമ്പര്‍, തീയതി, തുക എന്നിവ കുറിച്ചു വെക്കുക.
കസ്റ്റമെര്‍ കെയര്‍ നമ്പറുകള്‍ അറിഞ്ഞിരിക്കുക എന്നതും പ്രധാനമാണ്. ഗൂഗിള്‍ പേ- 1800-419-0157, ഫോണ്‍ പേ – 080-68727374/ 022-68727374 , പേടിഎം- 0120 -4456-456 . കസ്റ്റമര്‍ പേയ്‌മെന്റ് ആപ്പുകളുടെ സഹായ വിഭാഗവുമായി എത്രയും പെട്ടെന്ന് ബന്ധപ്പെട്ട് നിങ്ങളുടെ പരാതി വിശദീകരിച്ച് എല്ലാ ട്രാന്‍സാക്ഷന്‍ വിവരങ്ങളും പങ്കിടുക.
പരിശോധന പൂര്‍ത്തിയായാല്‍ സപ്പോര്‍ട്ട് ടീം npci റിവേഴ്‌സല്‍ ആവശ്യപ്പെടും. നിങ്ങള്‍ നല്‍കിയ തെളിവുകള്‍ വ്യക്തവും ശരിയുമാണെങ്കില്‍ തുക തിരികെ ലഭിക്കുന്നതായിരിക്കും.
















