തേങ്ങയ്ക്ക് വില കൂടി നിൽക്കുന്ന ഈ സമയത്ത് അതൊഴിവാക്കാൻ എന്താണ് വഴിയെന്നു ചിന്തിക്കണം? തേങ്ങയില്ലാതെ ചമ്മന്തി അരച്ചാലോ? രുചിയിലും ഗുണത്തിലും മറ്റെന്തിനെയും വെല്ലുന്ന നെല്ലിക്കയാണ് ഇതിലെ താരം. നിരവധി ആരോഗ്യഗുണങ്ങളുള്ള നെല്ലിക്ക പ്രമേഹ രോഗികൾക്കും ഉത്തമമാണ്.
ചേരുവകൾ
നെല്ലിക്ക – 1 കപ്പ്
പുതിനയില – 1/2 കപ്പ്
പച്ചമുളക് – 2-3 എണ്ണം
ഇഞ്ചി – 1 ചെറിയ കഷണം
വെളുത്തുള്ളി – 2-3 അല്ലി
ജീരകം – 1/4 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ഉണക്കമുളക് – 1-2 എണ്ണം
കറിവേപ്പില – 1 തണ്ട്
എണ്ണ – 1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കായം – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിൽ നെല്ലിക്ക, പുതിനയില, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി (ഉണ്ടെങ്കിൽ), ജീരകം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം.ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് പൊട്ടിക്കാം. അതിലേക്ക് അരച്ചെടുത്ത മിശ്രിതം ചേർത്തു നന്നായി വഴറ്റാം. ഉപ്പും കായവും (ഉണ്ടെങ്കിൽ) ചേർത്ത് നന്നായി യോജിപ്പിക്കാം.എണ്ണ തെളിയുമ്പോൾ തീ ഓഫ് ചെയ്യാം. ഇനി ചൂടോടെ കഴിച്ചു നോക്കൂ. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാൽ വീണ്ടും ഉപയോഗിക്കാം.
















