സഞ്ചാര പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇനി വിസയുടെ പിറകെ നടന്ന് സമയവും കാശും കളയേണ്ട. വിസാ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഇന്ത്യക്കാർക്ക് സുഖമായി ചുറ്റി സഞ്ചരിക്കാവുന്ന നിരവധി രാജ്യങ്ങളുണ്ട്. അത്തരത്തിലുള്ള ചില ഏഷ്യൻ രാജ്യങ്ങളെ പരിചയപ്പെടാം.
തായ്ലൻഡ്
ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണ് തായ്ലൻഡ്. ശാന്തമായ ബീച്ചുകൾ, തിരക്കേറിയ മാർക്കറ്റുകൾ, മനോഹരമായ ക്ഷേത്രങ്ങൾ എന്നു തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളാണ് തായ്ലൻഡിലുള്ളത്. ഇന്ത്യയിൽ നിന്നുള്ളവർക്ക് തായ്ലൻഡിൽ വീസ ഓൺ അറൈവൽ ആണ്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്നുള്ള യാത്രാപദ്ധതികൾക്ക് തായ്ലൻഡ് അനുയോജ്യമാണ്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് തായ്ലൻഡ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
ഇന്തൊനേഷ്യ
കടൽത്തീരത്ത് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു നാടിനെയും അതിന്റെ സംസ്കാരത്തെയും അറിയാൻ ആഗ്രഹിക്കുന്നവർക്കും ഇന്തൊനേഷ്യയിലേക്ക് പോകാം. ബാലിയും ജക്കാർത്തയും സഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ട ഇടങ്ങളാണ്. ഇന്ത്യക്കാർക്ക് ഇവിടേക്ക് വീസ ഇല്ലാതെ 30 ദിവസം കഴിയാം. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് ഒരു വിനോദയാത്ര ആസൂത്രണം ചെയ്യുന്നവർക്ക് ബാലി തിരഞ്ഞെടുക്കാം. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇന്തൊനേഷ്യ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
ശ്രീലങ്ക
ഇന്ത്യയോട് അടുത്ത് കിടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ശ്രീലങ്ക. പ്രത്യേകിച്ച ദക്ഷിണേന്ത്യയിൽ നിന്ന്. ശ്രീലങ്കയിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ ആണ് വേണ്ടത്. ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതും വളരെ എളുപ്പത്തിൽ അനുമതി ലഭിക്കുന്നതുമാണ്. ആത്മീയത ഇഷ്ടപ്പെടുന്നവർക്കൊപ്പം തന്നെ പ്രകൃതിസ്നേഹികൾക്കും സാഹസികപ്രേമികൾക്കും ശ്രീലങ്കയിലേക്ക് യാത്ര പോകാവുന്നതാണ്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് ശ്രീലങ്ക സന്ദർശിക്കാൻ ഏറ്റവും അനുയോജ്യ സമയം.
സിംഗപ്പൂർ
വലിയ വീസാ നടപടിക്രമങ്ങൾ ഒന്നുമില്ലാതെ ഇന്ത്യയിൽ നിന്നുള്ളവർക്ക് സന്ദർശിക്കാവുന്ന രാജ്യമാണ് സിംഗപ്പൂർ. തനിയെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും കുടുംബത്തിന് ഒപ്പം അവധിക്കാലം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കും പറ്റിയ ഇടമാണ് സിംഗപ്പൂർ. ലോകോത്തര ഭക്ഷണം, മികച്ച പൊതുഗതാഗതം എന്നിവയാണ് സിംഗപ്പൂരിന്റെ ഏറ്റവും വലിയ പ്രത്യേകത. ഓൺലൈൻ വഴിയാണ് ഇന്ത്യക്കാർക്കുള്ള വീസ നടപടി ക്രമങ്ങൾ. വലിയ തടസങ്ങളില്ലാതെ വളരെ എളുപ്പത്തിൽ ലഭിക്കുന്നതാണ് ഇത്. ഏകദേശം മൂന്നു മുതൽ അഞ്ചു വരെ ദിവസം എടുക്കും വീസ നടപടിക്രമങ്ങൾക്ക്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് സിംഗപ്പൂർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യ സമയം.
നേപ്പാൾ
നേപ്പാളിലേക്ക് ഇന്ത്യയിൽ നിന്ന് പോകുന്നവർ വീസയെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ട. ഇന്ത്യക്കാർക്ക് നേപ്പാളിലേക്ക് യാത്ര ചെയ്യാൻ പാസ്പോർട്ട് പോലും വേണമെന്ന് നിർബന്ധമില്ല. സാധുവായ ഏതെങ്കിലും സർക്കാർ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ ഇന്ത്യക്കാർക്ക് നേപ്പാൾ സന്ദർശിക്കാം. ഹിമാലയത്തിന്റെ അതിമനോഹരമായ കാഴ്ചകൾ, ശാന്തമായ ആശ്രമങ്ങൾ, യാത്രാ ചെലവ് കുറവ് എന്നിവയെല്ലാം നേപ്പാളിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. ട്രെക്കിങ്, ക്ഷേത്ര ദർശനം എന്നിവയെല്ലാം ഇഷ്ടപ്പെടുന്നവർക്ക് നേപ്പാൾ ഇഷ്ടകേന്ദ്രമായിരിക്കും. സെപ്റ്റംബർ മുതൽ നവംബർ വരെയും മാർച്ച് മുതൽ മേയ് വരെയുമാണ് നേപ്പാൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
വിയറ്റ്നാം
നിങ്ങൾ വിയറ്റ്നാം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഇ-വീസയാണ് വേണ്ടത്. ഏകദേശം മൂന്നു മുതൽ നാലു വരെ ദിവസങ്ങളാണ് ഇ-വീസയുടെ നടപടിക്രമങ്ങൾക്ക് വേണ്ടത്. ഹാ ലോങ്ങ് ബേ മുതൽ ഹോയ് ആൻ തെരുവുകൾ വരെ വിയറ്റ്നാമിന്റെ പ്രകൃതിഭംഗി ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്നു. സമ്പന്നമായ ചരിത്രമുള്ള രാജ്യമാണ് വിയറ്റ്നാം. വിയറ്റ്നാമിന്റെ രുചിവൈവിധ്യം അനുഭവിച്ചറിയേണ്ടത് തന്നെയാണ്. സെപ്തംബർ മുതൽ നവംബർ വരെയും മാർച്ച് മുതൽ മേയ് വരെയുമുള്ള സമയമാണ് വിയറ്റ്നാം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
മലേഷ്യ
ഇന്ത്യയിൽ നിന്ന് ഓരോ വർഷവും നിരവധി സഞ്ചാരികളാണ് മലേഷ്യയിലേക്ക് എത്തുന്നത്. വൈവിധ്യമാർന്ന മലേഷ്യയുടെ സംസ്കാരമാണ് സഞ്ചാരികളെ അവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. ഇ വീസ പ്രക്രിയ ഇന്ത്യക്കാരുടെ മലേഷ്യൻ യാത്രയ്ക്കുള്ള വീസ നടപടി ക്രമങ്ങളെ കൂടുതൽ എളുപ്പമാക്കുന്നു. ക്വാലാലംപുർ, ലങ്കാവി എന്നിങ്ങനെ സഞ്ചാരികളെ കാത്ത് നിരവധി വൈവിധ്യങ്ങളുമായി മലേഷ്യയിലെ നഗരങ്ങൾ കാത്തിരിക്കുകയാണ്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് മലേഷ്യ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
















