ആഗോളതലത്തിൽ ടെസ്‌ലയുടെ ഇലക്ട്രിക് വിപ്ലവത്തിനും, സ്‌പേസ് എക്‌സിന്റെ ചൊവ്വയിലേക്കുള്ള സ്വപ്നങ്ങൾക്കും, ‘എക്‌സി’ന്റെ ഡിജിറ്റൽ ലോകത്തെ ചലനങ്ങൾക്കും പിന്നിൽ ഒരൊറ്റ പേരേയുള്ളൂ – ഇലോൺ മസ്‌ക്. ലോകത്തെ ഏറ്റവും വലിയ ധനികനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹത്തിന് പൊതുവെ അറിയപ്പെടുന്ന വമ്പൻ സംരംഭങ്ങൾക്ക് പുറമെ, അധികമാർക്കും ശ്രദ്ധിക്കപ്പെടാത്ത ഒരു രഹസ്യ ‘ബേക്കറി’ കൂടിയുണ്ട്. പേര് കേൾക്കുമ്പോൾ ബണ്ണുകളും ബ്രെഡുകളും പ്രതീക്ഷിക്കാമെങ്കിലും, മസ്‌കിന്റെ ഫ്ലോറിഡയിലെ ഈ ഹൈ-ടെക് സ്ഥാപനം നിർമ്മിക്കുന്നത് മനുഷ്യരാശിയുടെ ബഹിരാകാശ ഭാവിക്ക് നിർണായകമായ ഉൽപ്പന്നമാണ്.
ഈ ‘ബേക്കറി’ അതിന്റെ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ഓരോ ദിവസവും വൻതോതിൽ പുറത്തിറക്കുന്നത് ബഹിരാകാശ പേടകമായ സ്റ്റാർഷിപ്പിനായുള്ള ആയിരക്കണക്കിന് ഹീറ്റ് ഷീൽഡ് ടൈലുകൾ ആണ്. പൂർണ്ണമായും യന്ത്രവൽകൃതമായ ഈ നിർമ്മാണ യൂണിറ്റ്, ബഹിരാകാശ ദൗത്യങ്ങളെ സംബന്ധിച്ച ഏറ്റവും വലിയ വെല്ലുവിളികളിലൊന്നിനെ നേരിടാൻ ലക്ഷ്യമിടുന്നു. ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലും മനുഷ്യവാസം സാധ്യമാക്കാനുള്ള മസ്‌കിന്റെ സ്വപ്ന പദ്ധതികൾക്ക് അടിത്തറയിടുന്നത് ഈ സെറാമിക് ടൈലുകളാണ്.
പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഈ ഹീറ്റ് ഷീൽഡ് ടൈലുകളാണ് സ്റ്റാർഷിപ്പിനെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുന്ന ഘട്ടത്തിലെ കൊടുംചൂടിൽ നിന്ന് സംരക്ഷിക്കുന്നത്. ഈ ഘട്ടത്തിൽ താപനില 1,400°C വരെ ഉയരാം, ഇതിനെ അതിജീവിക്കാൻ ടൈലുകൾക്ക് കഴിവുണ്ടാകണം. മുൻപ് ഉപയോഗിച്ചിരുന്ന സ്‌പേസ് ഷട്ടിൽ പോലുള്ള വാഹനങ്ങൾക്ക് ഓരോ പറക്കലിന് ശേഷവും മാസങ്ങളോളം അറ്റകുറ്റപ്പണികൾ വേണ്ടി വന്നിരുന്നു. എന്നാൽ സ്റ്റാർഷിപ്പിന്റെ ലക്ഷ്യം വളരെ വേഗത്തിൽ – ലാൻഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ – വീണ്ടും പറന്നുയരുക എന്നതാണ്. ഈ പുനരുപയോഗക്ഷമത ഉറപ്പാക്കാൻ സ്റ്റാർഷിപ്പിന്റെ നൂതനമായ ടൈൽ സംവിധാനം അത്യാവശ്യമാണ്.
സ്റ്റാർഷിപ്പിന്റെ അടിഭാഗം ഏകദേശം 18,000-ഓളം സെറാമിക് ടൈലുകൾ ഉപയോഗിച്ചാണ് പൊതിഞ്ഞിരിക്കുന്നത്. ഭാരം കുറഞ്ഞതും കഠിനമായ ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ളതുമായ നൂതന സെറാമിക് സംയുക്തങ്ങൾ ഉപയോഗിച്ചാണ് ഓരോ ടൈലും നിർമ്മിക്കുന്നത്. ഈ നിർമ്മാണശാലയുടെ ഏറ്റവും വലിയ പ്രാധാന്യം, ഉയർന്ന ഗുണമേന്മ ഉറപ്പാക്കിക്കൊണ്ട് ഈ ടൈലുകൾ വൻതോതിൽ ഉത്പാദിപ്പിക്കാനുള്ള അതിന്റെ ശേഷിയാണ്. കൂടാതെ, ഈ ടൈലുകൾ കൃത്യതയോടെ പേടകത്തിൽ സ്ഥാപിക്കുന്ന പ്രക്രിയയും സ്‌പേസ് എക്‌സിന് നിർണായകമാണ്.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള തുടർച്ചയായ യാത്രകൾക്ക് ഒരു പേടകത്തിന് പല തവണ അന്തരീക്ഷത്തിലൂടെ തിരിച്ചിറങ്ങാനും വീണ്ടും വിക്ഷേപിക്കാനും സാധിക്കേണ്ടതുണ്ട്. അതിന് സ്റ്റാർഷിപ്പിന്റെ ഈ പുനരുപയോഗിക്കാവുന്ന ഹീറ്റ് ഷീൽഡ് സാങ്കേതികവിദ്യ ഒരു ഗെയിം ചേഞ്ചർ ആവുകയാണ്. ഗ്രഹങ്ങൾക്കിടയിൽ ചരക്കുകളും മനുഷ്യരെയും കൊണ്ടുപോകുന്നതിനും, അന്യഗ്രഹങ്ങളിലെ അന്തരീക്ഷത്തിലൂടെ സുരക്ഷിതമായി ഇറങ്ങുന്നതിനും, ഭാവിയിലെ ഗ്രഹാന്തര വാസസ്ഥലങ്ങൾ സ്ഥാപിക്കുന്നതിനും ഈ സാങ്കേതികവിദ്യ ഉപകാരപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.
















