ഒക്ടാവിയ ആർഎസിനെ വിപണിയിലെത്തിച്ച് സ്കോഡ. ഒറ്റ മോഡലിൽ മാത്രം ലഭിക്കുന്ന പെർഫോമൻസ് സെഡാനിന്റെ എക്സ്ഷോറൂം വില 49.99 ലക്ഷം രൂപ ആണ്. ബുക്കിങ് ആരംഭിച്ച് വെറും 20 മിനിറ്റിൽ തന്നെ ഒക്ടാവിയ ആർഎസ് ചൂടപ്പം പോലെ വിറ്റു തീർന്നു. ഒക്ടോബർ 6 ന് ആരംഭിച്ച ബുക്കിങ് വെറും 20 മിനിറ്റ് പിന്നിട്ടപ്പോൾ തന്നെ ഇന്ത്യയ്ക്കായി അനുവദിച്ച 100 മോഡലുകളും വിറ്റു പോയി.
മുമ്പ് സ്കോഡ ഇന്ത്യൻ വിപണിയിൽ എത്തിച്ച ഒക്ടാവിയ ആർഎസിനെക്കാൾ 14 ലക്ഷം രൂപ അധികമാണ് ഈ മോഡലിന്.ഭാരത് മൊബിലിറ്റി എക്സ്‌പോ 2025 -ലാണ് ഈ പെർഫോമൻസ് സെഡാൻ ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. തുടക്കത്തിൽ 100 മോഡൽ മാത്രമായിരിക്കും വിൽപനയ്ക്ക് എത്തുക. 2024 ൽ ആഗോള വിപണികളിൽ ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചതിന് ശേഷമാണ് മോഡൽ ഇന്ത്യയിൽ എത്തുന്നത്. ഏകദേശം 2.5 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടാവിയ നെയിംപ്ലേറ്റ് ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചുവരുന്നു എന്നതും ശ്രദ്ധേയമാണ്. മുമ്പ് പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് രൂപത്തിൽ വിറ്റിരുന്ന സെഡാൻ 2023 ൽ ബിഎസ് VI ഫേസ് 2 മാനദണ്ഡങ്ങൾ നടപ്പിലാക്കിയതോടെ നിർമാതാക്കൾ പിൻവലിച്ചിരുന്നു
ഫെയ്‌സ്‌ലിഫ്റ്റ് ഒക്ടാവിയ നിരയിൽ ചില ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവന്നു എന്ന് പറയാം. ആംഗുലർ ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള പുതിയ മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകളുള്ള പുതുക്കിയ ഫ്രണ്ട് ഫാസിയ, ഗ്രില്ലിലും ടെയിൽ ലാമ്പുകളിലും മാറ്റങ്ങൾ എന്നിവയാണ് പ്രധാന അപ്പ്ഗ്രേഡുകൾ. അതേസമയം, വലിയ വീലുകൾ, സ്‌പോർട്ടിയർ ബമ്പറുകൾ, ബൂട്ട് ലിപ് സ്‌പോയിലർ എന്നിവയുൾപ്പെടെ കൂടുതൽ സ്‌പോർട്ടിയർ ഡിസൈൻ ഘടകങ്ങൾ ആർഎസ് പതിപ്പ് ചേർക്കുന്നു.
ക്യാബിനിലേക്ക് നീങ്ങുമ്പോൾ, ആർഎസ് മോഡലിന് മുന്നിൽ സ്‌പോർട്‌സ് സീറ്റുകൾ ലഭിക്കുന്നു, എന്നിരുന്നാലും കൂടുതൽ ശ്രദ്ധേയമായ അപ്‌ഡേറ്റ് ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിലായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ മുമ്പ് സ്റ്റാൻഡേർഡ് നാലാം തലമുറ സെഡാനിൽ നൽകിയിരുന്ന 10 ഇഞ്ച് യൂണിറ്റിൽ നിന്ന് വ്യത്യസ്തമായി, ആർഎസിൽ 13 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ്.ഈ പെർഫോമെൻസ് മോഡലിലെ ഏറ്റവും വലിയ ആകർഷണം, 265 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന, സുപരിചിതമായ 2.0 ലീറ്റർ ടർബോ-പെട്രോൾ, 7 -സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാസ്മിഷനുമുള്ള പവർട്രെയിൻ ആയിരിക്കും. പെർഫോമൻസ് സെഡാന് 6.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയും, അതോടൊപ്പം മണിക്കൂറിൽ 250 കിലോമീറ്ററാവും പരമാവധി വേഗം.
















