പ്രവാസലോകത്തെ ഇന്ത്യക്കാർക്ക് വീണ്ടും ഭാഗ്യമായി ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പ്. മുംബൈ സ്വദേശിയായ ഡാനി ടെല്ലിസ് (47) ആണ് 10 ലക്ഷം യുഎസ് ഡോളർ (ഏകദേശം 7 കോടിയിലേറെ രൂപ) സമ്മാനം നേടി കോടീശ്വരനായ ഭാഗ്യശാലി. നിലവിൽ സൗദി അറേബ്യയിലെ തബൂക്കിൽ കൺസ്ട്രക്ഷൻ മാനേജരായി ജോലി ചെയ്യുന്ന ഇദ്ദേഹം കഴിഞ്ഞ അഞ്ച് വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുത്തു വരുന്നു. മില്ലേനിയം മില്യണയർ സീരീസ് 518 നറുക്കെടുപ്പിലെ 0542 എന്ന ടിക്കറ്റാണ് ഡാനി ടെല്ലിസിന് ഈ വലിയ വിജയം നേടിക്കൊടുത്തത്. സെപ്റ്റംബർ 23-ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ നിന്നാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഡാനി. ഈ വിജയം ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് അദ്ദേഹം പ്രതികരിച്ചു. സൗദിയിലേക്ക് പോകുന്നതിനു മുൻപ് 13 വർഷം ദുബായിൽ താമസിച്ചിരുന്ന ഡാനി, സമ്മാനത്തുക ദുബായിൽ തന്നെ നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അറിയിച്ചു. 1999-ൽ മില്ലേനിയം മില്യണയർ നറുക്കെടുപ്പ് ആരംഭിച്ചതിനുശേഷം ഒരു മില്യൺ യുഎസ് ഡോളർ നേടുന്ന 261-ാമത്തെ ഇന്ത്യൻ പൗരനാണ് ഡാനി ടെല്ലിസ്.
മില്ലേനിയം മില്യണയർ നറുക്കെടുപ്പിന് പിന്നാലെ നടന്ന ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പുകളിലും ഇന്ത്യാക്കാർക്ക് വൻ നേട്ടമുണ്ടായി. മുംബൈ സ്വദേശിയായ ചിന്മയ് ജോഷിക്ക് (31) മെഴ്സിഡസ് ബെൻസ് എസ് 500 (മെറ്റാലിക് പെയിന്റ് ഒബ്സിഡിയൻ) കാർ സമ്മാനമായി ലഭിച്ചു. ഒരു സാമ്പത്തിക സ്ഥാപനത്തിൽ സ്ട്രാറ്റജിക് അലയൻസ് മാനേജരായി ജോലി ചെയ്യുന്ന ഇയാൾ ആദ്യമായാണ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്. സെപ്റ്റംബർ 30-ന് ഓൺലൈനായി വാങ്ങിയ 0813 എന്ന ടിക്കറ്റാണ് അദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്.
കൂടാതെ, മോട്ടോർ ബൈക്കുകൾക്കായുള്ള നറുക്കെടുപ്പുകളിലും ഇന്ത്യൻ പൗരന്മാർ വിജയികളായി. യുഎഇയിൽ താമസിക്കുന്ന മെൽവിൻ പോണ്ടസിന് ഏപ്രിൽ എസ്‌വി4 ഫാക്ടറി 1100 (കറുപ്പ്/ചുവപ്പ്) മോട്ടോർ ബൈക്ക് ലഭിച്ചു.
ഒക്ടോബർ 4-ന് ഓൺലൈനായി വാങ്ങിയ 0650 എന്ന ടിക്കറ്റാണ് ഇദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്. അബുദാബിയിൽ താമസിക്കുന്ന സീതരാമൻ വെങ്കിട്ടരാമനും (67) മോട്ടോർ ബൈക്ക് സമ്മാനമായി ലഭിച്ചു. ബിഎംഡബ്ല്യു എസ് 1000 എക്സ്ആർ (ബ്ലാക്ക് സ്റ്റോം മെറ്റാലിക്) മോട്ടോർ ബൈക്കാണ് അദ്ദേഹം സ്വന്തമാക്കിയത്. കഴിഞ്ഞ 20 വർഷമായി നറുക്കെടുപ്പിൽ പങ്കെടുക്കുന്ന വെങ്കിട്ടരാമൻ ഒക്ടോബർ 7-ന് ഓൺലൈനായി വാങ്ങിയ 0953 എന്ന ടിക്കറ്റിലൂടെയാണ് വിജയിയായത്. സമ്മാനം ലഭിച്ച ബൈക്ക് വിറ്റ് കിട്ടുന്ന പണം അമേരിക്കയിലും ഇന്ത്യയിലുമായി പഠിക്കുന്ന രണ്ട് മക്കളുടെ കോളജ് വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്ന് അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായ അദ്ദേഹം അറിയിച്ചു. അതേസമയം, മറ്റൊരു നറുക്കെടുപ്പിൽ ഒരു അഫ്ഗാൻ പൗരനും 10 ലക്ഷം ഡോളർ സമ്മാനം ലഭിച്ചിട്ടുണ്ട്.
















