വരാനിരിക്കുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളും സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയുടെ (എഎപി) വർധിച്ചുവരുന്ന സ്വാധീനവും സാമൂഹിക സമവാക്യങ്ങളും കണക്കിലെടുത്ത് ഗുജറാത്തിലെ ബിജെപി സർക്കാർ മന്ത്രിസഭ വിപുലീകരിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ 19 പുതുമുഖങ്ങളെ ഉൾപ്പെടുത്തി 26 അംഗ മന്ത്രിസഭയാണ് നിലവിൽ വന്നത്. മുൻ ആഭ്യന്തര മന്ത്രിയായിരുന്ന ഹർഷ് സാങ്വിയെ പുതിയ ഉപമുഖ്യമന്ത്രിയായി നിയമിച്ചതാണ് മന്ത്രിസഭാ പുനഃസംഘടനയിലെ സുപ്രധാന തീരുമാനം. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ജാംനഗർ നോർത്ത് എംഎൽഎയുമായ റിവബ ജഡേജയും പുതിയ മന്ത്രിസഭയിൽ ഇടം നേടി.
പുതിയ മന്ത്രിസഭ നിലവിൽ വരുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ 16 ബിജെപി മന്ത്രിമാരും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്നവരിൽ ആറു മന്ത്രിമാരെ മാത്രമാണ് നിലനിർത്തിയത്, ഇതിൽ നാലു മന്ത്രിമാർക്കു മാത്രമാണ് പഴയ വകുപ്പുകൾ നിലനിർത്തിയത്. യുവ നേതാവായ ഹർഷ് സാങ്വിയുടെ ഉപമുഖ്യമന്ത്രി പദത്തിലേക്കുള്ള ഉയർച്ച, ബിജെപി നേതൃനിരയിലെ പുതിയ തലമുറയ്ക്ക് പ്രാധാന്യം നൽകുന്നതിൻ്റെ സൂചനയായി കണക്കാക്കപ്പെടുന്നു. കൂടാതെ, മുൻ കോൺഗ്രസ് നേതാവും നിലവിൽ ബിജെപി അംഗവുമായ അർജുൻ മോധ്‌വാഡിയയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തി.
സാമൂഹിക സമവാക്യങ്ങൾ പാലിച്ചാണ് മന്ത്രിസഭ വിപുലീകരിച്ചിരിക്കുന്നത്. പുതിയ മന്ത്രിസഭയിൽ 8 അംഗങ്ങൾ ഒബിസി വിഭാഗക്കാരും 6 പേർ പാട്ടീദാർ വിഭാഗക്കാരും 4 പേർ ഗോത്രവിഭാഗക്കാരും 3 പേർ എസ്സി വിഭാഗക്കാരും 2 പേർ ക്ഷത്രിയ വിഭാഗക്കാരുമാണ്. ബ്രാഹ്മണ, ജൈന വിഭാഗത്തിൽ നിന്ന് ഓരോരുത്തരും മന്ത്രിസഭയിലുണ്ട്. കൂടാതെ, മൂന്ന് വനിതാ അംഗങ്ങളടക്കം യുവാക്കൾക്കും പ്രാദേശിക പ്രാധാന്യം നൽകിയിട്ടുണ്ട്.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് പുതിയ മന്ത്രിസഭാംഗങ്ങൾക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിനും അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്കും മുന്നോടിയായി പാർട്ടി അടിത്തറ ശക്തിപ്പെടുത്താനുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കമായാണ് ഈ അഴിച്ചുപണി വിലയിരുത്തപ്പെടുന്നത്.
















