ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ, പ്രത്യേകിച്ചും കേരളത്തിലെ മെസ്സിയുടെയും അർജന്റീനയുടെയും ആരാധകർ ആകാംഷയോടെ കാത്തിരുന്ന നവംബർ 17-ലെ കൊച്ചിയിലെ സൗഹൃദ മത്സരം റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. ലയണൽ മെസ്സി നയിക്കുന്ന അർജന്റീന പുരുഷ ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം റദ്ദാക്കിയതായി അർജന്റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എങ്കിലും, മത്സരത്തിന്റെ സ്പോൺസർമാർ ഇത് തള്ളിപ്പറയുകയും കളി ഷെഡ്യൂൾ ചെയ്തതുപോലെ നടക്കുമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നതോടെ സംഭവത്തിൽ അനിശ്ചിതത്വം വർദ്ധിക്കുകയാണ്.
നവംബർ 17-ന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അർജന്റീന ഓസ്‌ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, അർജന്റീന ദേശീയ ടീമുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗികമായി പങ്കുവെക്കുന്ന മാധ്യമപ്രവർത്തകനായ ഗാസ്റ്റൺ എഡുൾ എക്സ് പോസ്റ്റിൽ ഇന്ത്യൻ പര്യടനം നടക്കാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കി. ലുവാണ്ടയിൽ അംഗോളയ്‌ക്കെതിരായ അർജന്റീനയുടെ മത്സരം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ പര്യടനം പാളിയെന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ് സൂചിപ്പിക്കുന്നത്.
കൂടാതെ, അർജന്റീന മാധ്യമമായ ‘ലാ നാസിയോൺ’ മത്സരം റദ്ദാക്കിയെന്ന വാർത്ത റിപ്പോർട്ട് ചെയ്തു. കരാർ വ്യവസ്ഥകളുടെ ആവർത്തിച്ചുള്ള ലംഘനമാണ് മത്സരം റദ്ദാക്കാൻ കാരണമെന്നും, ഈ സാഹചര്യത്തിൽ നവംബറിലെ മത്സരവുമായി ബന്ധപ്പെട്ട പദ്ധതികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ എഎഫ്എയെ (അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ) പ്രേരിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. മത്സരത്തിന് ആവശ്യമായ സ്റ്റേഡിയം, ഹോട്ടൽ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പരിശോധിക്കാൻ പ്രതിനിധി സംഘം ഇന്ത്യയിലെത്തിയിട്ടും ആവശ്യകതകൾ നിറവേറ്റാൻ സാധിച്ചില്ലെന്നാണ് എഎഫ്എ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ. മത്സരം പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ലാ നാസിയോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, മത്സരത്തിന്റെ ക്രമീകരണങ്ങൾ കൈകാര്യം ചെയ്യുന്ന സ്വകാര്യ പ്രക്ഷേപണ കമ്പനിയും (സ്പോൺസർ) കേരള കായിക മന്ത്രി വി. അബ്ദുറഹ്‌മാനും റദ്ദാക്കൽ റിപ്പോർട്ടുകൾ തള്ളിപ്പറഞ്ഞു. നവംബർ 17-ന് അർജന്റീനയുടെ ‘എ’ ടീം ഓസ്‌ട്രേലിയയുമായി കൊച്ചിയിൽ കളിക്കുമെന്നും, റദ്ദാക്കലിനെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ ആവർത്തിച്ചു വ്യക്തമാക്കി. ഇത് ഒരു ഫിഫ ഇന്റർനാഷണൽ വിൻഡോ ഗെയിമാണെന്നും, എല്ലാ രേഖകളും സാമ്പത്തിക കാര്യങ്ങളും ഇതിനോടകം പൂർത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
മെസ്സിയുടെ വരവിനായി കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 70 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പുതിയ സീറ്റുകൾ, മെച്ചപ്പെടുത്തിയ ഫ്ലഡ്‌ലൈറ്റുകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഒരുക്കി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കൂടാതെ, മത്സരത്തിന് മുന്നോടിയായി എ.ആർ. റഹ്മാൻ നയിക്കുന്ന സംഗീത പരിപാടിയും റാപ്പർ ഹനുമാൻ കൈൻഡിന്റെ പ്രകടനവും നവംബർ 16-ന് നടത്താനും പദ്ധതിയുണ്ട്. സ്റ്റേഡിയത്തിന് ചുറ്റുമുള്ള കടകൾ ഒരു മാസത്തേക്ക് അടച്ചിടാൻ നോട്ടീസ് നൽകിയതും വൻ ക്രമീകരണങ്ങൾ നടക്കുന്നതിൻ്റെ സൂചനയായിരുന്നു.
മുൻപ്, എഎഫ്എ പ്രതിനിധി ഹെക്ടർ ഡാനിയൽ കാബ്രേര സ്റ്റേഡിയം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുകയും കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ മത്സരം ഷെഡ്യൂൾ ചെയ്തപ്രകാരം നടക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
റദ്ദാക്കൽ വാർത്തകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും, ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ലാത്തതും സംഘാടകരുടെ ഉറപ്പും കാരണം ആരാധകരുടെ പ്രതീക്ഷകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാൽ, അർജന്റീനിയൻ മാധ്യമങ്ങളുടെയും വിശ്വസ്തരായ മാധ്യമപ്രവർത്തകന്റെയും റിപ്പോർട്ടുകൾ കേരളത്തിലെ ഫുട്ബോൾ പ്രേമികളെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്.
















