ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിച്ചു. തുലാമാസ പൂജകള്‍ക്കായി നട തുറന്നതിന് ശേഷമാണ്, രണ്ട് ദ്വാരപാലക ശില്‍പങ്ങളിലായി പതിനാല് സ്വര്‍ണപ്പാളികള്‍ സ്ഥാപിച്ചത്. ചെന്നൈയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം എത്തിച്ച സ്വര്‍ണപ്പാളികള്‍, സന്നിധാനത്തെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍, മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി , ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അടക്കം സന്നിഹിതരായിരുന്നു. എത്തിയിരുന്നു.
ആദ്യം വലതുവശത്തെ ശില്‍പ്പത്തിലെ പാളികളാണ് ഉറപ്പിച്ചത്. ഇതിനുശേഷം ഇടതുവശത്തെ ദ്വാരപാലക ശില്‍പ്പത്തിലും സ്വര്‍ണപ്പാളികള്‍ ഘടിപ്പിച്ചു. സ്വര്‍ണം പൂശിയ സ്വര്‍ണപ്പാളികളാണ് പുനഃസ്ഥാപിച്ചത്. ഹൈക്കോടതിയുടെ കര്‍ശന നിരീക്ഷണത്തിലാണ് സ്വര്‍ണപ്പാളി പുനഃസ്ഥാപിച്ചത്. സാധാരണ മാസപൂജയ്ക്കായി വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നതെങ്കിലും ശില്‍പ്പത്തിന്റെ ജോലികള്‍ ചെയ്യേണ്ടതിനാല്‍ ഇക്കുറി നേരത്തേ തുറക്കുകയായിരുന്നു. തന്ത്രിയുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നടതുറന്ന് ദീപം തെളിയിച്ചു. തുടര്‍ന്നാണ് സ്വര്‍ണപ്പാളി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിച്ചത്.
STORY HIGHLIGHT : Gold plating re – installed on Sabarimala Dwarapalakas sculpture
















