ചിലർ ചോറിനൊപ്പം അച്ചാറെടുക്കുന്നതിന് ഒരു കയ്യും കണക്കും ഉണ്ടാകില്ല. ഇത് ആരോഗ്യത്തിന് നല്ലതല്ലെന്ന് അറിഞ്ഞാൽ കൂടി അച്ചാർ വിട്ട് ഒരു കളിയില്ല. ചോറിനൊപ്പം മാത്രമല്ല, കഞ്ഞിക്കും ബിരിയാണിക്കും ചപ്പാത്തിക്കും അപ്പത്തിനൊപ്പം വരെ അച്ചാര്‍ കഴിക്കാറുണ്ട്. മാങ്ങ, നാരങ്ങ, വെളുത്തുള്ളി, പാവയ്ക്ക, കാരറ്റ്, ഇഞ്ചി മുതല്‍ നോണ്‍-വെജ് അച്ചാറുകള്‍ വരെ ഇന്ന് സുലഭമാണ്.
കണക്കില്ലാതെ അച്ചാറ് കഴിച്ചാല്‍ ശരീരത്തിന് എന്തു സംഭവിക്കും
അച്ചാര്‍ കഴിപ്പ് അമിതമായാല്‍ വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകാം. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളെ വഷളാക്കാനും കാരണമാകും. അച്ചാറില്‍ ഉപയോഗിക്കുന്ന അമിതമായ ഉപ്പ്, രക്തസമ്മര്‍ദം വര്‍ധിക്കാനും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാനും കാരണമാകും. അസിഡിറ്റിയുടെ ഒരു പ്രധാന കാരണം ഒരു പരിധിവരെ അച്ചാറിന്റെ അമിത ഉപയോഗമാണ്.
പ്രത്യേകിച്ച്, കടകളില്‍ നിന്ന് വാങ്ങുന്ന പ്രിസര്‍വേറ്റീവുകളും അമിതമായി ഉപ്പും അടങ്ങിയ അച്ചാറുകള്‍. ഇത് കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് വരെ കാരണമാകാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എണ്ണയും ഉപ്പും കുറച്ചുകൊണ്ട് വീട്ടിലുണ്ടാക്കുന്ന അച്ചാറുകള്‍ ആരോഗ്യപ്രദമാണ്. ഇതില്‍ അടങ്ങിയ ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ ദഹനത്തെ മെച്ചപ്പെടുത്തും.
എന്നാൽ അച്ചാറിന് ഗുണവശങ്ങളുമുണ്ട്
അച്ചാറിലെ ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ ദഹനത്തിന് വളരെ മികച്ചതാണ്. ഉപ്പ്, എണ്ണ എന്നിവ വളരെ കുറച്ചും, കൃത്രിമ വസ്തുക്കൾ ഉപയോഗിക്കാതെയും അച്ചാർ ഉണ്ടാക്കുന്നതാണ് നല്ലത്. അച്ചാറിലെ പുളിയിൽ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം, പ്രതിരോധശേഷി എന്നിവ വർധിപ്പിക്കുന്നു. ഇതിനായി ലെമൺ ജ്യൂസ്, നാച്ചുറൽ വിനിഗർ എന്നിവ ഉപയോഗിക്കുക. കടുക് എണ്ണ, നല്ലെണ്ണ, ഒലിവ് ഓയിൽ എന്നിവ വളരെ കുറച്ച് ഉപയോഗിക്കുക.
















