തിരക്കേറിയ ജീവിതത്തിനും ജോലിക്കും ഇടയിൽ നന്നായി ഒന്ന് ഉറങ്ങാൻ പോലും കഴിയാത്ത പല ആളുകളും നമുക്ക് ഇടയിലുണ്ട്. വേണ്ട രീതിയിലുള്ള ഉറക്കം കിട്ടാതെ വരുമ്പോൾ എങ്ങനെയെങ്കിലും കുറച്ചു നേരം സുഖമായി ഉറങ്ങാമെന്ന കരുതി ആളുകൾ പല പോംവഴികളും തേടിപ്പോകാറുമുണ്ട്. ഹെർബൽ ചായകൾ, വെെറ്റ് നോയ്സ്, സ്ലീപ് മാസ്കുകൾ, ലാവെൻഡർ സ്പ്രേകൾ എന്നിവ ഉറക്കം കിട്ടാൻ ആളുകൾ സ്വീകരിക്കുന്ന വഴികളിൽ ചിലത് മാത്രം. ഇതിൽ നിന്നും വ്യത്യസ്തമായി ഈയിടെ പ്രചാരത്തിലാകുന്ന മറ്റൊരു രീതിയാണ് ‘ മിലിട്ടറി സ്ലീപ്പ് മെത്തേഡ്’. ഈ വിദ്യയ്ക്ക് വളരെക്കാലത്തെ പഴക്കമുണ്ടെങ്കിലും കൂടുതൽ ആളുകൾ ഇതിനെപ്പറ്റി അറിഞ്ഞു വരുന്നേയുള്ളൂ എന്ന് പറയാം. വെറും മിനിറ്റ് കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീഴുന്ന മിലിട്ടറി സ്ലീപ്പ് മെത്തേഡിന്
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നല്ല പ്രചാരമാണുള്ളത്.
സമ്മർദ്ദകരമായ സാഹചര്യങ്ങളിൽ പോലും സൈനികരെ വേഗത്തിൽ ഉറങ്ങാൻ സഹായിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഒരു വിശ്രമ രീതിയാണ് മിലിട്ടറി സ്ലീപ്പ് മെത്തേഡ്. 1981-ൽ പുറത്തിറങ്ങിയ ‘റിലാക്സ് ആൻഡ് വിൻ ചാമ്പ്യൻഷിപ്പ് പെർഫോമൻസ്’ എന്ന പുസ്തകത്തിലാണ് ഈ രീതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. നിർബന്ധപൂർവ്വമല്ലാതെ തന്നെ നമ്മളെ വിശ്രമത്തിലേക്ക് തള്ളിയിടുന്ന രീതിയാണിത്.
ഇത് എങ്ങനെയാണ് പരിശീലിക്കേണ്ടതെന്നു നോക്കാം
1. സൗകര്യപ്രദമായി കിടന്ന്, കണ്ണുകളടച്ച്, സാവധാനത്തിലും ആഴത്തിലുമുള്ള ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
2. ശേഷം, നിങ്ങളുടെ മുഖത്തെ ഓരോ പേശിക്കും വിശ്രമം നൽകുക. നെറ്റി, കവിളുകൾ, താടിയെല്ല്, നാവ് എന്നിവയിലൂടെ നീങ്ങുക
3. തോളുകൾ അയച്ചിടുക. ക്രമേണ കൈകൾക്കും വിരലുകൾക്കും വിശ്രമം നൽകുക.
4. പതുക്കെ ശ്രദ്ധ നെഞ്ചിലേക്കും വയറിലേക്കും കൊണ്ടുവരിക. ശ്വാസം പുറത്തുവിടുമ്പോൾ ആ ഭാഗങ്ങൾക്ക് ബോധപൂർവ്വം വിശ്രമം നൽകുക. ഇത് കാലുകളിലൂടെ തുടരുക, തുടകൾ മുതൽ കാൽവിരലുകൾ വരെയുള്ള ഓരോ പേശിക്കും സന്ധിക്കും വിശ്രമം നൽകുക.
5. ശരീരം പൂർണ്ണമായി വിശ്രമിച്ചുകഴിഞ്ഞാൽ, ശാന്തമായ ഒരു തടാകത്തിൽ പൊങ്ങിക്കിടക്കുന്നതോ അല്ലെങ്കിൽ ഒരു വെൽവെറ്റ് തൊട്ടിലിൽ കിടക്കുന്നതോ ആയി സങ്കൽപ്പിക്കുക. നിങ്ങൾപോലും അറിയാതെ നിങ്ങൾ ഉറക്കത്തിലേക്ക് വഴുതി വീണിട്ടുണ്ടാകും.
പകൽ സമയത്ത്, നിരന്തരമായ സമ്മർദ്ദം, സ്ക്രീനുകൾ, ഒന്നിലധികം ജോലികൾ എന്നിവ നിങ്ങളുടെ നാഡീവ്യൂഹത്തെ അലേർട്ട് മോഡിൽ നിലനിർത്തുന്നു. രാത്രിയിൽ, വിശ്രമിക്കുന്നതിനു പകരം നിങ്ങളുടെ തലച്ചോറ് അപ്പോഴും കാര്യങ്ങൾ പ്രോസസ്സ് ചെയ്തുകൊണ്ടിരിക്കുകയാവും. അത്തരം സാഹചര്യങ്ങളിലാണ് ഈ രീതി പ്രയോജനപ്പെട്ടേക്കാവുന്നത്.
മിലിട്ടറി സ്ലീപ്പ് മെത്തേഡ് മനസ്സിനും ശരീരത്തിനും ഒരുപോലെ മികച്ചതാണ്. പേശികൾക്ക് വിശ്രമം നൽകുകയും ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങൾ പാരാസിംപതറ്റിക് നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധരുടെ പറയുന്നത്.
















