സ്വർണം മോഷ്ടിക്കുന്നതിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ വീട്ടമ്മ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട കീഴ്‌വായ്പൂർ പുളിമല സ്വദേശി ലതാകുമാരി (61) ആണ് മരിച്ചത്. ആശാപ്രവർത്തകയാണ് മരിച്ച ലതാകുമാരി.
ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഓക്ടോബർ 9 നായിരുന്നു സംഭവം. പൊലീസ് ക്വാട്ടേഴ്‌സിലെ താമസക്കാരിയായ സുമയ്യ അയൽക്കാരി ലതയുടെ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ ശേഷം തീ കൊളുത്തുകയായിരുന്നു. കേസിൽ സുമയ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആദ്യം തീപ്പിടിത്തമാണെന്നു കരുതിയെങ്കിലും അന്വേഷണത്തിലാണ് മോഷണത്തിനിടെ തീകൊളുത്തിയതാണെന്നു കണ്ടെത്തിയത്. സ്വർണം തരാൻ വിസമ്മതിച്ചതിനെ തുടർന്ന് സുമയ്യ ലതാകുമാരിയുടെ കഴുത്തിൽ തുണിചുറ്റി കൊല്ലാൻ ശ്രമിക്കുകയും മുഖത്ത് കത്തികൊണ്ട് കുത്തി മുറിവേൽപ്പിക്കുകയും തുടർന്ന് തീക്കൊളുത്തുകയുമായിരുന്നു.
ഓഹരി ട്രേഡിങിൽ സംഭവിച്ച നഷ്ടം നികത്താനായിരുന്നു മോഷണമെന്ന് സുമയ്യ പൊലീസിന് മൊഴി നൽകിയിരുന്നു.
















