പട്ന: തന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹമോചന വാര്‍ത്തകള്‍ക്കും പിന്നാലെ കുടുംബത്തിനും മരുമകള്‍ക്കുമുണ്ടായ അപമാനത്തിനും പ്രായശ്ചിത്തം ചെയ്ത് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്.
തേജ് പ്രതാപിന്റെ മുന്‍ ഭാര്യയായിരുന്ന ഐശ്വര്യ റായിയുടെ സഹോദരി ഡോ. കരിഷ്മ റായ് സരണ്‍ ജില്ലയിലെ പ്രശസ്തമായ പാര്‍സ മണ്ഡലത്തില്‍ മത്സരിക്കാനായി ആര്‍ജെഡി തെരഞ്ഞെടുത്തതോടെയാണിത്. തേജ് പ്രതാപുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ഐശ്വര്യയുടെ പിതാവും ലാലുവിന്റെ വലംകൈയും മുന്‍ മന്ത്രിയുമായിരുന്ന ചന്ദ്രിക റായിയുമായുള്ള ബന്ധം വഷളായിരുന്നു. ഇത് പുന:സ്ഥാപിക്കുകയെന്ന ലക്ഷ്യവും കൂടി ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാഷ്ട്രീയപരമായി സരണില്‍ വളരെക്കാലം കുടുംബം ആധിപത്യം പുലര്‍ത്തിയിരുന്നു. ഐശ്വര്യ-തേജ് പ്രതാപ് ബന്ധത്തിലെ വിള്ളല്‍ ആര്‍ജെഡിയിലും പ്രതിഫലിച്ചിരുന്നു. മകള്‍ക്കുവേണ്ടി രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ചന്ദ്രികാ റായ് പാര്‍ട്ടി വിട്ടിരുന്നു.
















