ബേക്കറികളില്‍ ചില്ലുപാത്രത്തില്‍ ഇരിക്കുന്ന മഞ്ഞനിറമുള്ള കറുത്ത മുന്തിരി വച്ച ലഡ്ഡു ആസ്വദിച്ചു കഴിച്ചിട്ടുള്ളവരാകും നിങ്ങള്‍. എന്നാല്‍ ഈ ലഡ്ഡു വീട്ടില്‍ തയ്യാറാക്കി നോക്കിയാലോ..കളറുകളൊന്നും ചേര്‍ക്കാത്ത വീട്ടില്‍ത്തന്നെ രുചികരമായ ബൂന്ദി ലഡു എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
കടലമാവ് – 2 കപ്പ്
ഉപ്പ് – ഒരു നുള്ള്
ബേക്കിംഗ് സോഡ – 1/4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
വെള്ളം – 1 1/2 കപ്പ്
പഞ്ചസാര – 2 1/2 കപ്പ്
വെള്ളം – 1 1/4 കപ്പ്
ഏലയ്ക്ക പൊടിച്ചത് – ഒരു ടീസ്പൂണ്‍
ഏലയ്ക്ക – 3 എണ്ണം
നെയ്യ് – 2 ടേബിള്‍ സ്പൂണ്‍
കല്‍ക്കണ്ടം – ആവശ്യത്തിന്
കറുത്ത മുന്തിരി – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് കടലമാവ്, ഉപ്പ്, ബേക്കിംഗ് സോഡ, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് മിക്സ് ചെയ്തെടുക്കുക. ഇതിലേക്ക് കുറേശെ വെള്ളം ചേര്‍ത്ത് മിക്സ് ചെയ്ത് മാവ് തയ്യാറാക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം മാവ് ഒരു കണ്ണാപ്പയുടെ ഹോളിലൂടെ എണ്ണയിലേക്കൊഴിച്ച് ബൂന്ദി മുഴുവന്‍ വറുത്തെടുക്കുക. ബൂന്ദി മിക്സിയുടെ ജാറിലിട്ട് ഒന്ന് കറക്കി എടുത്ത ശേഷം അതിലേക്ക് നെയ്യ് ചേര്‍ത്ത് യോജിപ്പിച്ചുവയ്ക്കുക. അടുത്തതായി പഞ്ചസാര പാനി തയ്യാറാക്കാം. ഒരു പാത്രത്തിലേക്ക് പഞ്ചസാരയും വെള്ളവും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ചൂടാകാന്‍ വയ്ക്കുക. ചൂടായി വരുമ്പോള്‍ ഏലയ്ക്കയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മിക്സ് ചെയ്ത് പാനി തിളപ്പിക്കുക. പാനി നൂല് പരുവമാകുന്നതിന് മുന്‍പ് തയ്യാറാക്കി വച്ചിരിക്കുന്ന ബൂന്ദിയിലേക്ക് ചൂടോടെ ഒഴിച്ച് യോജിപ്പിച്ച് കുറച്ച് സമയം കഴിഞ്ഞ് ഏലയ്ക്കാപ്പൊടി ചേര്‍ത്ത് യോജിപ്പിക്കുക. കല്‍ക്കണ്ടവും ചേര്‍ത്ത് മിക്സ് ചെയ്ത് ലഡ്ഡു ഉരുട്ടി എടുത്ത് മുന്തിരിവച്ച് അലങ്കരിക്കാം.
















