പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ഭരിക്കുന്ന സർക്കാർ വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
ശിവൻകുട്ടി വ്യക്തിപരമായി നല്ല പ്രസ്താവന നടത്തി. പക്ഷെ അത് വന്നുപതിച്ചത് ഒരു വിദ്യാര്‍ത്ഥിയുടെ പഠനം മുടങ്ങുന്നതിലാണെന്നും ഇത്തരം വിഭാഗീയ പ്രവര്‍ത്തനം വിജയിക്കാന്‍ പാടില്ലാത്തതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വലിയ അസഹിഷ്ണുതയുടെ ഉദാഹരണമാണ് സ്‌കൂളില്‍ ഉണ്ടായ പ്രശ്‌നം. കേരളത്തിന് അപമാനകരമാണ്. നിയമം മാത്രം നോക്കിയാല്‍ പോരല്ലോ. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നിലപാട് ആണല്ലോ വേണ്ടതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഛത്തീഗ്ഢിലെ കാര്യം നമ്മള്‍ പറയുമ്പോള്‍ നമ്മുടെ സംസ്ഥാനത്ത് ഇങ്ങനെയൊരു ഉദാഹരണം ഉണ്ടായത് നാണക്കേടാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിയമം നോക്കിയല്ല ഇങ്ങനെയുള്ള വിഷയങ്ങള്‍ പോകുന്നത്. മറിച്ച് ഒരു ഗിവ് ആന്‍ഡ് ടേക്ക് പോളിസിയില്‍ പോകേണ്ട കാര്യമാണ്. അത് കൊണ്ട് കാര്യമില്ലല്ലോ. വിദ്യാർത്ഥിയുടെ പഠനം മുടങ്ങിയില്ലേ. ഓപ്പറേഷൻ സക്‌സസ്, പക്ഷെ രോഗി മരിച്ചു അതാണ് അവസ്ഥ, ഒരു മുഴം തുണി എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്നും അദ്ദേഹം ചോദിച്ചു. കന്യാസ്ത്രീയുടെ ശിരോവസ്ത്രം പോലെ തന്നെയാണ് പെണ്‍കുട്ടിയുടേതെന്നും ഇത്തരം വിവാദങ്ങള്‍ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
















