രുചിയുടെ ലോകത്ത് അച്ചാറുകൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. പുളിയും എരിവും മധുരവുമെല്ലാം ചേർന്ന അച്ചാറുകൾ ഊണിന് ഒരു പ്രത്യേക സ്വാദ് നൽകുന്നു. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് അല്പം വ്യത്യസ്തമായ ഒന്നാണ് – പോഷക സമ്പുഷ്ടമായ ഈന്തപ്പഴം കൊണ്ട് തയ്യാറാക്കുന്ന അച്ചാർ. ഇത് നിങ്ങളുടെ ഭക്ഷണത്തിന് ഒരു പുതിയ രുചി നൽകുമെന്നതിൽ സംശയമില്ല. ഈന്തപ്പഴത്തിനൊപ്പം നാരങ്ങ കൂടി ചേർത്ത് അത് തയ്യാറാക്കിയാൽ കൂടുതൽ രുചികരമായിരിക്കും.
ചേരുവകൾ
നാരങ്ങ- 6
കടുക്
വെളുത്തുള്ളി- 5
ഇഞ്ചി
കറിവേപ്പില
കാശ്മീരി മുളകുപൊടി- 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
ഉലുവ- 1/2 ടീസ്പൂൺ
കായപ്പൊടി- 1/2 ടീസ്പൂൺ
ഈന്തപ്പഴം
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
6 നാരങ്ങ നീളത്തിൽ കഷ്ണങ്ങളാക്കി കുരു കളഞ്ഞെടുക്കാം. അത് 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് നല്ലെണ്ണ ഒഴിക്കാം. അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം. ശേഷം 4 മുതൽ അഞ്ച് വെളുത്തുള്ളി അല്ലികൾ ചെറിയ കഷ്ണങ്ങളാക്കി ചേർക്കാം. ഇതിലേയ്ക്ക് ഇഞ്ചി നീളത്തിൽ അരിഞ്ഞതും ചേർക്കാം. അൽപം കറിവേപ്പില കൂടി ചേർത്തു വഴറ്റാം. ഒരു ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഉലുവ പൊടിച്ചത്, അര ടീസ്പുൺ കായപ്പൊടി എന്നീ പൊടികളും ചേർത്തിളക്കി യോജിപ്പിക്കാം. കരിഞ്ഞുപിടിക്കാതിരിക്കാൻ ശ്രദ്ധിക്കാം. തീ കുറച്ചു വച്ച് ഇതിലേയ്ക്ക് കുരുകളഞ്ഞ ഈന്തപ്പഴം ചേർക്കാം. ഒപ്പം ആവിയിൽ വേവിച്ച നാരങ്ങ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളക്കാം. അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം ഇത് വൃത്തിയുള്ള വായുസഞ്ചാരമില്ലാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം. രണ്ട് ദിവസത്തിനുള്ളിൽ ഇത് ഉപയോഗിക്കാം.
















