ദുബായ്: ദുബായിലെ സ്കൂളുകളിൽ ഇലക്ട്രിക് സ്കൂട്ടർ നിരോധിക്കാൻ മാനേജ്മെന്റ്. കുട്ടികളുടെ സുരക്ഷ മുൻനിർത്തി ആണ് ഇ–സ്കൂട്ടറുകൾ നിരോധിക്കാൻ മാനേജ്മെന്റുകൾ തീരുമാനമായത്. സ്‌കൂളുകൾക്ക് അടുത്ത് താമസിക്കുന്നവരാണ് കൂടുതലായും ഇ –സ്കൂട്ടർ ഉപയോഗിക്കുന്നത്.
സ്‌കൂളിലേക്ക് വരാനും പോകാനും കുട്ടികൾ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നത് അപകടത്തിനു കാരണമാകുന്ന സാഹചര്യത്തിലാണ് പല സ്കൂളുകളും സ്കൂട്ടറുകൾ നിരോധിച്ചത്.അതേസമയം, ഗതാഗത നിരക്കിൽ നിന്നു രക്ഷനേടാൻ പല കുട്ടികൾക്കും സ്‌കൂട്ടറാണ് ഏക ആശ്രയം. ഇതുവഴി സ്‌കൂൾ വാഹനത്തിനു നൽകേണ്ട 700 മുതൽ 1500 ദിർഹം വരെ രക്ഷിതാക്കൾ ലാഭിച്ചിരുന്നു. എന്നാൽ, കുട്ടികൾ അശ്രദ്ധമായി സ്കൂട്ടറുകളുമായി തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങിയതോടെ അപകടങ്ങളും വർധിച്ചു.
സ്‌കൂട്ടറിൽ നിന്നുള്ള ചെറിയ വീഴ്ച പോലും വലിയ പരുക്കുണ്ടാക്കും. ഹെൽമെറ്റ് , എൽബോ പാഡ് എന്നിവ ധരിക്കാത്തപ്പോൾ പരുക്ക് ഗുരുതരമാകും. ഇതേ തുടർന്നാണ് പല സ്കൂളുകളും സർക്കുലർ ഇറക്കിയത്.
















