കുടിയേറ്റ നയത്തില്‍ കർശന മാറ്റങ്ങള്‍ വരുത്താനൊരുങ്ങി യുകെ. യുകെ വീസ അനുവദിക്കാന്‍ ആവശ്യമായ ഇംഗ്ലീഷ് പരിജ്ഞാനം കൂടുതല്‍ കര്‍ശനമാക്കുകയെന്നതാണ് ചട്ടങ്ങളിലെ പ്രധാന നിര്‍ദേശം. വിദഗ്ധ തൊഴിലാളികളുടെ വീസയുടെ നിബന്ധനയിലും മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതിയുണ്ട്.
വിദഗ്ധ തൊഴിലാളികളാണെങ്കിലും ആശ്രിതരാണെങ്കിലും വീസ ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള മികവ് തെളിയിക്കണമെന്ന കടമ്പയാണ് യുകെ സര്‍ക്കാര്‍ കര്‍ശനമാക്കുന്നത്. 2025 മേയ് മാസത്തില്‍ തയാറാക്കിയ കരട് കുടിയേറ്റ നയത്തിന്റെ തലക്കെട്ട് തന്നെ ‘കുടിയേറ്റ സംവിധാനത്തില്‍ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കുക’ എന്നാണ്. കുടിയേറ്റം കുറക്കുകയെന്ന ലക്ഷ്യത്തിലുള്ള വീസ ചട്ടങ്ങള്‍ യുകെ പാര്‍ലമെന്റ് കോമണ്‍സ് ലൈബ്രറിയില്‍ വിശദമായി നല്‍കിയിട്ടുമുണ്ട്.
നിലവില്‍ യുകെ വീസക്കായി ഇംഗ്ലീഷ് ഭാഷാ പരീക്ഷ നടത്തുന്നവര്‍ക്കും ഈ മാറ്റങ്ങള്‍ ബാധകമായേക്കും. എങ്കിലും എന്താണ് ഭാഷാ പ്രാവീണ്യത്തിലുള്ള ചട്ടങ്ങളെന്നോ എന്നു മുതലാണ് അത് നിലവില്‍ വരികയെന്നോ ഏതു രീതിയിലാണ് ഭാഷാ പ്രാവീണ്യം പരിശോധിക്കുകയെന്നോ വിശദമാക്കിയിട്ടില്ല.
യുകെ കുടിയേറ്റ നിയമത്തില്‍ മാറ്റം വരുത്തിക്കൊണ്ടായിരിക്കും വീസ ചട്ടങ്ങളില്‍ മാറ്റം വരുത്തുക. അതുകൊണ്ടുതന്നെ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷമായിരിക്കും അന്തിമ തീരുമാനങ്ങളിലെത്തുക. എപ്പോഴത്തേക്കാണ് മാറ്റങ്ങള്‍ നിലവില്‍ വരികയെന്ന കാര്യം പൊതുജന സമ്പര്‍ക്കത്തിനു ശേഷമായിരിക്കും അറിയാനാവുകയെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുമുണ്ട്.
വിദഗ്ധ തൊഴിലാളികളുടെ വീസയുടെ നിബന്ധനയിലും മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതിയുണ്ട്. വൈദഗ്ധ്യമുള്ള തൊഴിലുകളുടെ പട്ടികയില്‍ നിന്നും മീഡിയം സ്‌കില്‍ ലെവല്‍ മാത്രം ആവശ്യമുള്ളവയെ ഒഴിവാക്കാനും സാധ്യതയുണ്ട്. അതേസമയം തദ്ദേശീയമായി തൊഴിലാളികളെ ലഭിക്കാത്ത മേഖലകള്‍ക്ക് ആവശ്യമായ ഇളവുകള്‍ നല്‍കുകയും ചെയ്യും.
നിലവില്‍ ബ്രിട്ടനില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും വിദേശികള്‍ക്ക് അവകാശം നല്‍കുന്ന ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയ്ന്‍(ILR) ലഭിക്കാനായി അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും മാറ്റം വരും. നിലവില്‍ അഞ്ച് വര്‍ഷം യുകെയില്‍ താമസിച്ചവര്‍ക്ക് ഐഎല്‍ആറിന് അപേക്ഷിക്കാനാവും. ഇത് പത്തു വര്‍ഷമായി ഉയര്‍ത്തണമെന്ന നിര്‍ദേശമാണ് നിലവിലുള്ളത്. അതേസമയം ചില നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കുന്നവര്‍ക്ക് കാലയളവില്‍ ഇളവുകള്‍ക്ക് സാധ്യതയുമുണ്ട്.
ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം ഉറപ്പിച്ചു മാത്രം വീസ അനുവദിക്കുന്നത് ഇതുവരെ നിയമപരമാക്കിയിട്ടില്ല. ആശ്രിത വീസക്കും ഇംഗ്ലീഷ് പ്രാവീണ്യം വേണമെന്നത് അടക്കമുള്ള മാനദണ്ഡങ്ങളില്‍ ചര്‍ച്ചകള്‍ക്കൊടുവിലായിരിക്കും അന്തിമതീരുമാനമെടുക്കുക. 2025 അവസാനത്തോടെ പൊതു ജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തിയാല്‍ യുകെയിലേക്കുള്ള വിദഗ്ധ തൊഴിലാളികള്‍ക്കുള്ള വീസയിലും ആശ്രിത വീസയിലും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിര്‍ണായകമാവും.
















