പത്തനംതിട്ട സര്‍ക്കാര്‍ നഴ്സിംഗ് കോളേജിന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ പുതുതായി ആരംഭിച്ച എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്സിംഗ് കോളേജുകള്‍ക്കും അനുമതിയായി. ഈ സര്‍ക്കാരിന്റെ കാലത്ത് 22 സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്സിംഗ് കോളേജുകളാണ് ആരംഭിച്ചത്. 4 മെഡിക്കല്‍ കോളേജുകള്‍ക്കും അനുമതി ലഭിച്ചിരുന്നു. ഇതോടെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജും നഴ്സിംഗ് കോളേജും ഉള്ള സംസ്ഥാനമായി കേരളം മാറി.
ഇടുക്കി, വയനാട്, പാലക്കാട്, കാസര്‍ഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം ജനറല്‍ ആശുപത്രി ക്യാമ്പസ്, കൊല്ലം, മഞ്ചേരി എന്നിവിടങ്ങളിലാണ് ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ മേഖലയില്‍ നഴ്സിംഗ് കോളേജ് ആരംഭിച്ചത്. സര്‍ക്കാര്‍ അനുബന്ധ മേഖലയില്‍ സിമെറ്റിന്റെ കീഴില്‍ നെയ്യാറ്റിന്‍കര, വര്‍ക്കല, കോന്നി, നൂറനാട്, താനൂര്‍, തളിപ്പറമ്പ്, ധര്‍മ്മടം, ചവറ എന്നിവിടങ്ങളിലും, CAPE-ന്റെ കീഴില്‍ ആറന്മുള, ആലപ്പുഴ, പത്തനാപുരം എന്നിവിടങ്ങളിലും, CPAS-ന്റെ കീഴില്‍ കാഞ്ഞിരപ്പള്ളി, സീതത്തോട്, കൊട്ടാരക്കര എന്നിവിടങ്ങളിലുമാണ് നഴ്സിംഗ് കോളേജുകള്‍ ആരംഭിച്ചത്. സ്വകാര്യ മേഖലയില്‍ 20 നഴ്സിംഗ് കോളേജുകളും ആരംഭിക്കാനുള്ള അനുമതി നല്‍കി.
സര്‍ക്കാര്‍ മേഖലയില്‍ 478 ബി.എസ്.സി. നഴ്സിംഗ് സീറ്റുകളില്‍ നിന്ന് 1130 സീറ്റുകളാക്കി വര്‍ധിപ്പിച്ചു. ആകെ 10,000 ലധികം ബി.എസ്.സി. നഴ്സിംഗ് സീറ്റുകളാക്കി വര്‍ധിപ്പിച്ചു. ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് സംസ്ഥാനത്ത് തന്നെ മെറിറ്റില്‍ പഠിക്കാനുള്ള സാഹചര്യം ഒരുക്കാനായി. നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് വളരെയധികം മുന്നേറ്റം കൈവരിക്കാനായി. എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് കോഴ്സ് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം നഴ്സിംഗ് കോളേജുകളിലും പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ് കോഴ്സ് കോട്ടയം നഴ്സിംഗ് കോളേജിലും ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നഴ്സിംഗ് മേഖലയില്‍ സംവരണം അനുവദിക്കുകയും ചെയ്തു.
CONTENT HIGH LIGHTS;Approval for all new nursing colleges: Indian Nursing Council approves Pathanamthitta Government Nursing College
















