കണ്ണൂർ കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം രാജേഷ് പി പി യെ സിപിഐഎം പുറത്താക്കി. മാല മോഷണക്കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് നടപടി. കൂത്തുപറമ്പ് നഗരസഭയിലെ സിപിഐഎം നാലാം വാർഡ് കൗൺസിലറാണ് പി.പി രാജേഷ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ സ്വർണമാല പൊട്ടിച്ചത്.
77 കാരിയായ വയോധിക ജാനകി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം നടത്തിയത്. വീടിന്‍റെ മുൻവാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്താണ് പെട്ടെന്നൊരാള്‍ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്തു. ഹെൽമെറ്റ് ധരിച്ചയാളാണ് മോഷ്ടാവെന്ന് ജാനകി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു. ആരാണെന്ന് ആര്‍ക്കും മനസിലായിരുന്നില്ല. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിയുകയും അതിൽ നിന്നാണ്സിപിഐഎം നാലാം വാര്‍ഡ് കൗണ്‍സിലറായ പി പി രാജേഷിലേക്ക് എത്തുകയും ചെയ്തത്. രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് കൂത്തുപറമ്പ് പൊലീസ് നൽകുന്ന വിവരം. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയിരിക്കുന്നത്.
Story Highlights : cpim action against councillor gold chain theft case
















