കെപിസിസി ഭാരവാഹി പുനസംഘടനയില്‍ അതൃപ്തരെ അനുനയിപ്പിക്കാൻ കോൺഗ്രസില്‍ പുതിയ ഫോർമുല. അതൃപ്തിയുള്ളവർ നിർദേശിക്കുന്ന മുഴുവൻ പേരെയും കെപിസിസി സെക്രട്ടറിമാർ ആക്കിയേക്കും. കെ മുരളീധരനെയും കെ സുധാകരനെയും ഇക്കാര്യം ബോധ്യപ്പെടുത്തും. ചാണ്ടി ഉമ്മന് ഉയർന്ന പദവി നല്‍കാനും ആലോചനയുണ്ട്. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനും നേതാക്കളെ ഒരുമിപ്പിച്ച് നിര്‍ത്താനുമാണ് ഹൈക്കമാന്റ് നിര്‍ദേശം. കെ മുരളീധരന്‍, ചാണ്ടി ഉമ്മന്‍, കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവരുമായി കെ പി സി സി നേതൃത്വം ചര്‍ച്ചകള്‍ നടത്തി അഭിപ്രായഭിന്നതകള്‍ ഉടന്‍ പരിഹരിക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം.
ഇതിന്റെ ഭാഗമായി എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാനത്തെത്തും. കെ മുരളീധരനുമായി 22 ന് കോഴിക്കോട് ചര്‍ച്ചകള്‍ നടത്തും. നിലവിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് നേതാക്കളെ ഉടന്‍ കളത്തിലിറക്കാനാണ് നീക്കം.തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് നേതാക്കള്‍ തമ്മിലുള്ള വടംവലിയും അഭിപ്രായഭിന്നതയും വലിയ തിരച്ചടിയുണ്ടാക്കുമെന്ന ആശങ്കയിലാണ് ദേശീയ നേതൃത്വം. കേരളത്തില്‍ തദ്ദേശ തിരിഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് ബാക്കി. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാ സംവിധാനങ്ങള്‍ ഉണ്ടാക്കിയെടുക്കുകയെന്നതാണ് കെ പി സി സിയുടെ പുതിയ ഭാരവാഹികള്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
STORY HIGHLIGHT : KPCC reorganization New formula
















