സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്.കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ,മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണം. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യൂനമർദ സാധ്യത നിലനിൽക്കുന്നു. തെക്കുകിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള കേരള, കർണാടക, തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്കു മുകളിലായി നിലനിന്നിരുന്ന ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി.
ഇത് പടിഞ്ഞാറ്–വടക്കു പടിഞ്ഞാറ് ദിശയിലേക്കു നീങ്ങി 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി മാറിയേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മാന്നാർ കടലിടുക്കിനു മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടു. നാളെയും 11 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.
















