കൊച്ചി: അങ്കമാലിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയതിന് ഭർത്താവ്ഭാര്യയെ ക്രൂരമായി മർദിച്ചു. സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. പെൺകുഞ്ഞ് ഉണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ഭർത്താവ് പറഞ്ഞതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.
29 വയസുകാരിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. 2020ലായിരുന്നു ഇവരുടെ വിവാഹം. 2021ലാണ് ഇവർക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. ഇതിന്റെ പേരിലാണ് നാല് വർഷത്തോളം ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിച്ചിരുന്നത്. ഇക്കാര്യങ്ങളൊന്നും പുറത്തുവന്നിരുന്നില്ലെന്ന വിവരമാണ് പുറത്ത് വരുന്നത്.
നാല് വർഷത്തോളം മർദനം തുടർന്നു. പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മർദനം. യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെ, ആശുപത്രി അധികൃതർക്ക് തോന്നിയ സംശയത്തിനൊടുവിലാണ് കാര്യം വ്യക്തമായത്. പൊലീസിൽ വിവരമറിയിച്ചു. ഗാർഹിക പീഡനമെന്നാണ് ആദ്യം പൊലീസ് കരുതിയത്. എന്നാൽ യുവതി തന്നെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ വ്യക്തമാക്കി. പെൺകുഞ്ഞ് ജനിച്ചതിന്റെ പേരിലാണ് ക്രൂരമർദനം നേരിട്ടതെന്ന് യുവതി വെളിപ്പെടുത്തി. ഇയാൾക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തിട്ടുണ്ട്.
















