ചോറു കഴിച്ച് മടുത്തോ. എന്നാല്‍ കപ്പ കൊണ്ടുണ്ടാക്കാന്‍ സാധിക്കുന്ന ഒരു വെറൈറ്റി വിഭവം ഉണ്ടാക്കിയാലോ?. കപ്പയും മീന്‍ കറിയും പതിവായി കഴിക്കുന്നത് നമ്മുടെ ശീലമാണ്. എന്നാല്‍ ഒരു കപ്പ മീന്‍ പുഴുക്ക് ഉണ്ടാക്കിയാലോ ഇന്ന്. മീനും കപ്പയും ഒരുമിച്ച് വേവിച്ച് തേങ്ങയും മസാലകളും ചേര്‍ത്ത് എടുക്കുന്ന വിഭവമാണിത്. തയ്യാറാക്കുന്ന വിധം നോക്കാം.
ചേരുവകൾ
കപ്പ (മരച്ചീനി) – 1 കിലോ
മീന്‍ (ചാള/മത്തി, അയല, നെയ്യ്മീന്‍ പോലുള്ളവ) – 250 ഗ്രാം
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
അരപ്പിനായി
തേങ്ങ ചിരകിയത് – 1 കപ്പ് (ഒരു മുറിയുടെ പകുതി)
പച്ചമുളക് – 3-4 എണ്ണം
ചെറിയ ഉള്ളി (ചുവന്നുള്ളി) – 4-5 എണ്ണം
വെളുത്തുള്ളി – 3-4 അല്ലി
ജീരകം – 1/4 ടീസ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
ചെറിയ ഉള്ളി (അരിഞ്ഞത്) – 2-3 എണ്ണം
വറ്റല്‍ മുളക് – 2 എണ്ണം
കറിവേപ്പില – ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
കപ്പ നന്നായി തൊലികളഞ്ഞ് കഴുകി ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് എടുക്കുക. ശേഷം കപ്പ ഒരു പാത്രത്തിലിട്ട്, ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിച്ചെടുക്കുക.കപ്പ പകുതി വേവാകുമ്പോള്‍ ഉപ്പ് ചേര്‍ക്കുക.ശേഷം വെള്ളം കളയാനായി മാറ്റിവെക്കുക.ഈ സമയം മീന്‍ മഞ്ഞളും ഉപ്പും വെള്ളവും ചേര്‍ത്ത് വറ്റിച്ചെടുക്കുക. മീന്‍ വെന്തു കഴിഞ്ഞാല്‍ വെള്ളം കളയാനായി മാറ്റിവെച്ച കപ്പയിലേക്ക് മുള്ളോടു കൂടി ഇട്ട് നന്നായി ഇളക്കിയെടുക്കുക.
ശേഷം അരപ്പ് തയ്യാറാക്കുക. തേങ്ങ, പച്ചമുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി, ജീരകം, കറിവേപ്പില എന്നിവ ഒട്ടും വെള്ളം ചേര്‍ക്കാതെ ചതച്ചെടുക്കുക. ചതച്ചുവെച്ച അരപ്പ് മീന്‍ കപ്പ കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. നന്നായി യോജിപ്പിച്ച ശേഷം 5 മിനിറ്റ് നേരം ചെറുതീയില്‍ അടച്ചുവെച്ച് ആവി കയറ്റുക.ഒരു ചെറിയ പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. കടുക് പൊട്ടിയ ശേഷം വറ്റല്‍ മുളക്, ചെറിയ ഉള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഈ താളിച്ചത് പുഴുക്കിന്റെ മുകളിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. രുചികരമായ കപ്പ മീന്‍ പുഴുക്ക് തയ്യാര്‍.
















