വിരാട് കോഹ്ലി രാജ്യം വിട്ട് ലണ്ടനിൽ സ്ഥിരതാമസമാക്കി എന്ന വാർത്ത ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്റർനെറ്റിൽ കിടന്നു കറങ്ങുന്നുണ്ട്. അതിനൊപ്പം ഇപ്പോഴിതാ ഒരു അഭ്യൂഹം കൂടി പ്രചരിക്കുന്നുണ്ട്.
ലണ്ടനിലേക്ക് താമസം മാറ്റിയപ്പോൾ ഇന്ത്യയിലുള്ള സ്വത്തിന്റെ പവർ ഓഫ് അറ്റോർണി വിരാട് കോഹ്ലി തന്‍റെ സഹോദരൻ വികാസ് കോഹ്‌ലിക്ക് കൈമാറിയെന്നാണ് വാർത്ത. എന്നാൽ അഭ്യൂഹം വ്യാപകമായി പ്രചരിച്ചതോടെ വികാസ് തന്നെ ഇപ്പോൾ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. വാർത്തകൾ പൂർണമായും തള്ളിക്കൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ട വികാസ്, ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരെ പരിഹസിക്കാനും മറന്നില്ല.
‘ഇക്കാലത്ത് ഇത്രയധികം തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിക്കുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നില്ല. ചില ആളുകൾക്ക് ഒരു പണിയുമില്ല. അതിനാൽ വ്യാജ പ്രചാരണങ്ങൾക്ക് അവരുടെ കയ്യിൽ ധാരാളം സമയമുണ്ട്. നിങ്ങൾക്ക് ആശംസകൾ’- വികാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കുടുംബത്തിനൊപ്പം കോഹ്ലി ലണ്ടനിലേക്ക് സ്ഥിര താമസത്തിന് പദ്ധതിയിടുന്നെന്നും, 80 കോടിയുടെ വസതിയടക്കമുള്ളവയുടെ പവർ ഓഫ് അറ്റോർണി സഹോദരൻ കൂടിയായ വികസിന് കൈമാറിയെന്നുമായിരുന്നു വാർത്തകൾ.
ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച കോഹ്ലി നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇന്ത്യൻ ജഴ്സിയണിയുന്നത്. കഴിഞ്ഞ ഒരു വർഷമായി ലണ്ടനിൽ താമസിക്കുന്ന കോഹ്ലി ആസ്ട്രേലിയൻ പര്യടനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഈയാഴ്ച തിരിച്ചെത്തിയിരുന്നു. നിലവിൽ ടീമിനൊപ്പം പെർത്തിലാണ്.
content highlight: Virat Kohli
















