ന്യൂയോർക്ക്: അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വൻപ്രതിഷേധം. വർധിച്ചുവരുന്ന സ്വേച്ഛാധിപത്യത്തിനും അഴിമതിക്കും എതിരെ ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം നടന്നു. രാജ്യവ്യാപകമായി 2,700 നഗരങ്ങളിലായി 7 ദശലക്ഷത്തിലധികം ആളുകൾ പ്രകടനങ്ങളിൽ പങ്കെടുത്തു,
ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി, ചിക്കാഗോ, മയാമി, ലോസ് ഏഞ്ചൽസ് തുടങ്ങി യുഎസിലുടനീളമുള്ള നഗരങ്ങളിൽ ബഹുജന പ്രതിഷേധങ്ങളിൽ ദശലക്ഷക്കണക്കിന് അമേരിക്കക്കാർ തെരുവിലിറങ്ങി. ട്രംപ് ഭരണകൂടത്തിനെതിരെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ പ്രതിഷേധമാണിത്.
രാജ്യത്തുടനീളം ഏകദേശം 7 ദശലക്ഷം ആളുകൾ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെടുന്നു. 50 സംസ്ഥാനങ്ങളിലായി 2700ലധികം റാലികൾ ഇനിയും നടക്കാനിരിക്കുന്നു. ആധുനിക യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിയിരിക്കും ഇതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ട്രംപ് തന്റെ രണ്ടാം ടേമിൽ പ്രസിഡന്റ് എന്ന നിലക്ക് അമിതധിക്കാരം ഉപയോഗിച്ചതിനുള്ള പ്രതികരണമായാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. ജനുവരി മുതൽ പ്രതിഷേധങ്ങൾ അടിച്ചമർത്താനും കുടിയേറ്റ നിർവ്വഹണത്തെ സഹായിക്കാനും ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള നഗരങ്ങളിലേക്ക് നാഷണൽ ഗാർഡിനെ അയക്കാനും ട്രംപ് ഉത്തരവിട്ടു. മാത്രമല്ല ഇടതുപക്ഷ, ലിബറൽ ഗ്രൂപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിച്ചു.
‘നോ കിംഗ്സ്’ റാലികൾക്ക് ഡെമോക്രാറ്റുകളുടെ പിന്തുണയുണ്ട്. മുൻ പ്രസിഡന്റ് സ്ഥാനാർത്ഥികളായ കമല ഹാരിസും ഹിലരി ക്ലിന്റണും അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസും സ്വതന്ത്ര സെനറ്റർ ബെർണി സാൻഡേഴ്‌സും പരസ്യ പിന്തുണ നൽകി. ‘ഞങ്ങൾ അമേരിക്കയെ സ്നേഹിക്കുന്നതിനാലാണ് ഇവിടെയുള്ളത്.’ വാഷിംഗ്ടൺ ഡിസിയിൽ നടന്ന റാലിയിൽ സംസാരിക്കവെ സാൻഡേഴ്‌സ് ജനക്കൂട്ടത്തോട് പറഞ്ഞു.’ ജൂണിൽ നടന്ന ‘നോ കിംഗ്സ്’ പ്രതിഷേധത്തിൽ ഏകദേശം അഞ്ച് ദശലക്ഷം ആളുകൾ പങ്കെടുത്തിരുന്നു.
















