ബാങ്കോക്ക്: തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍. തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റര്‍ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തുകയും അസഭ്യംപറയുകയും ചെയ്ത സംഭവത്തിൽ ആണ് അറസ്റ്റ്. സാഹില്‍ റാം തഡാനി എന്ന 41-കാരനാണ് പിടിയിലായത്.
സിയാം സ്‌ക്വയറില്‍, നൊവോടെല്‍ ഹോട്ടലിന് പുറത്ത് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. റോഡിലൂടെ അംഗവിക്ഷേപങ്ങളോടെ നൃത്തംചെയ്തും അസഭ്യപരാമര്‍ശം നടത്തിയും സാഹില്‍ നടക്കുന്നതിന്റെ വീഡിയോ ഇതിനകംതന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാത്രമല്ല, തോക്കിന്റെ ആകൃതിയിലുള്ള ലൈറ്ററും സമീപത്തുള്ളവര്‍ക്കുനേരെ ചൂണ്ടുന്നുണ്ട്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ഇടപെട്ട് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഈ സമയത്ത്, പോലീസിനെ വിളിക്കൂ എന്ന് സാഹില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്.
സാഹിലിനെ പിന്നീട് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാളുടെ കൈയിലുണ്ടായിരുന്നത് തോക്ക് ആയിരുന്നില്ലെന്നും തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റര്‍ ആയിരുന്നുവെന്നും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഞ്ചാവിന്റെ ലഹരിയിലാകാം സാഹില്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് പോലീസിന്റെ നിഗമനം. ഇപ്പോൾ പ്രവർത്തനം നിലച്ച മൂന്ന് ഇന്ത്യന്‍ കമ്പനികളുടെ ഡയറക്ടറായിരുന്നു സാഹിലെന്ന് പോലീസ് പറയുന്നു. ഇയാളേക്കുറിച്ചുള്ള മറ്റു വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
















