ടു വീലർ യാത്രയ്ക്ക് ഹെൽമെറ്റ് അത്യന്താപേക്ഷിതമാണ്. എന്നാൽ പലരും ഇതുപയോഗികാതെ നിസാരമാക്കി കളയുന്നവരുണ്ട്. ഹെൽമറ്റ് ഉപയോഗം മാത്രമല്ല വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇപ്പോഴിതാ ഹെൽമെറ്റ് നിർമ്മാണ കമ്പനിയായ സ്റ്റീൽബേർഡിന്റെ എംഡി രാജീവ് കപൂർ ആ കാര്യങ്ങൾ വിശദീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
അദ്ദേഹം പറയുന്നു;
ഹെൽമെറ്റുമായി എപ്പോഴെങ്കിലും ഒരു അപകടം സംഭവിച്ചാൽ, അത് ഉടൻ മാറ്റിസ്ഥാപിക്കണം. അപകടം കാരണം ഹെൽമെറ്റിന്റെ ആന്തരിക ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. എന്നാൽ പലരും തകരാറുകൾ സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുകയോ പശ ഉപയോഗിച്ച് നന്നാക്കുകയോ ചെയ്യുകയാണ് പതിവ്.
ഹെൽമെറ്റിന്റെ വൈസറുകൾക്ക് വിള്ളൽ, തേയ്‌മാനം, പോറലുകൾ എന്നിവ സംഭവിക്കുകയാണെങ്കിൽ അല്ലെങ്കിൽ സുതാര്യത കുറയുകയാണെങ്കിൽ അത് മാറ്റിസ്ഥാപിക്കണം. ഇത്തരം വൈസറുകൾ പകലും രാത്രിയിലും വെളിച്ചം വ്യാപിക്കാൻ കാരണമാവുകയും കാഴ്ച കുറച്ച് അപകട സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ബ്രാൻഡഡ് ഹെൽമെറ്റ് വൈസറുകൾ വിപണിയിൽ എളുപ്പത്തിൽ ലഭ്യമാണ്.
ഹെൽമെറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 4 പ്രധാന കാര്യങ്ങൾ
- ഹെൽമെറ്റിന്റെ പുറം രൂപകൽപ്പനയാണ് ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത്.
- ഹെൽമെറ്റിന്റെ വിൻഡ്ഷീൽഡ് അഥവാ വൈസറിന്റെ നിലവാരം ഉറപ്പുവരുത്തണം.
- സ്ട്രാപ്പ് അല്ലെങ്കിൽ ബക്കിൾ ശക്തമായിരിക്കണം. നിലവാരം കുറഞ്ഞ സ്ട്രാപ്പുകൾ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.
- ഹെൽമെറ്റ് വാങ്ങുമ്പോൾ, തെർമോകോൾ അമർത്തിനോക്കുക. നിങ്ങളുടെ വിരൽ അതിലേക്ക് തുളച്ചുകയറുന്നില്ലെന്ന് ഉറപ്പുവരുത്തുക.
മറ്റ് വിവരങ്ങൾ
കാർബൺ ഫൈബർ ഹെൽമെറ്റുകളാണ് ഏറ്റവും ഭാരം കുറഞ്ഞതും ശക്തവുമായവ. എന്നാൽ ഇവയ്ക്ക് ഏകദേശം 15,000 രൂപ വരെ വിലവരാം. ഹെൽമെറ്റ് വാങ്ങുമ്പോൾ വലുപ്പം പരിഗണിക്കുന്നത് ഉറപ്പുവരുത്തുക. നിങ്ങളുടെ തലയുടെ വലുപ്പം 58 സെൻറീമീറ്റർ ആണെങ്കിൽ, 60 സെൻറീമീറ്റർ ഹെൽമെറ്റ് വാങ്ങുന്നത് മികച്ച ഫിറ്റും സുഖസൗകര്യവും നൽകും.
ഐഎസ്ഐ അല്ലാത്ത ഹെൽമെറ്റുകൾ ഒഴിവാക്കണം. അത്തരം ഹെൽമെറ്റുകൾ വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും പരാതി നൽകണം. 500 രൂപയിൽ താഴെ വിലയുള്ള ഹെൽമെറ്റുകൾ സുരക്ഷിതമല്ല. ഹെൽമെറ്റ് വാങ്ങുമ്പോൾ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കണം.
ഒരു ഹെൽമെറ്റ് വാങ്ങുമ്പോൾ അതിന്റെ ഗുണനിലവാരവും പ്രവർത്തനക്ഷമതയും തീർച്ചയായും പരിശോധിക്കണം. ഹെൽമെറ്റിന്റെ വൈസറും ഐഎസ്ഐ നിലവാരം ഉള്ളതായിരിക്കണം. വൈസർ പൊട്ടിപ്പോകരുത് എന്നും അതിന് ‘ആക്ടിവിറ്റി കോട്ടിംഗ്’ ഉണ്ടായിരിക്കണം എന്നും ഐഎസ്ഐ മാനദണ്ഡം നിഷ്കർഷിക്കുന്നു.
content highlight: Helmet
















